കൊൽക്കത്ത: ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗമായ ന്യൂനപക്ഷ മോർച്ച പിരിച്ചുവിടണമെന്ന് പാർട്ടി നേതാവ് സുവേന്ദു അധികാരി. കൊൽക്കത്തയിൽ ബി.ജെ.പിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേത്തിന്റെ പ്രസ്താവന. എല്ലാവർക്കുമൊപ്പം എല്ലാവരുടേയും വികസനമെന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തിൽ ചെറിയ മാറ്റം വരുത്തുകയാണ്. നമ്മുക്കൊപ്പം നിൽക്കുന്നവർക്കൊപ്പം നമ്മളുമുണ്ടാകുമെന്ന മുദ്രവാക്യം താൻ മുന്നോട്ട് വെക്കുകയാണെന്ന് സുവേന്ദു അധികാരി പറഞ്ഞു.
മുമ്പ് താൻ ദേശീയ മുസ്‍ലിം എന്നൊക്കെ പറഞ്ഞിരുന്നു. ഇനി ഒരിക്കലും അങ്ങനെ പറയില്ലെന്നും സുവേന്ദു അധികാരി വ്യക്തമാക്കി. എല്ലാവർക്കുമൊപ്പം എല്ലാവരുടേയും വികസനമെന്നത് മോദിയുടെ മുദ്രാവാക്യമാണ്. അത് ഒരിക്കലും മാറില്ല. എന്നാൽ, ബംഗാളിൽ രാഷ്ട്രീയമായി പിന്തുണക്കുന്നവരെ മാത്രമേ നമ്മളും പിന്തുണക്കുവെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മതത്തിൽ വിശ്വസിക്കുമ്പോൾ തന്നെ മറ്റ് മതങ്ങളേയും ബഹുമാനിക്കണമെന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. അതുകൊണ്ട് മറ്റ് മതങ്ങളെ ബഹുമാനിക്കാതിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമബംഗാളിൽ ലോക്സഭ തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും തിരിച്ചടിയേറ്റതിന് പിന്നാലെയാണ് സുവേന്ദു അധികാരിയുടെ പ്രസ്താവന.
മുസ്‍ലിം വോട്ടർമാരുടെ വോട്ടുകൾ തൃണമൂൽ കോൺഗ്രസിൽ കേന്ദ്രീകരിച്ചത് ബി.ജെ.പിയുടെ തോൽവിക്ക് കാരണമായിട്ടുണ്ടെന്ന് പാർട്ടി വിലയിരുത്തിയിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകൾ പോലും ഇക്കുറിക്ക് പശ്ചിമബംഗാളിൽ ബി.ജെ.പിക്ക് ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.