ന്യൂഡൽഹി: നടിയും എം.പിയുമായ കങ്കണ റണാവത്തുമായുള്ള സൗഹൃദമാണ് ബോളിവുഡിൽ നിന്ന് തനിക്കുണ്ടായ ഒരേയൊരു നല്ല കാര്യമെന്ന് എൽ.ജെ.പി (റാംവിലാസ്) നേതാവ് ചിരാഗ് പാസ്വാൻ എം.പി. 2011 മുതൽ തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും മുൻ നടൻ കൂടിയായ ചിരാഗ് പാസ്വാൻ പറഞ്ഞു. ഇരുവരും സത്യപ്രതിജ്ഞ ചടങ്ങിനുൾപ്പെടെ ഒരുമിച്ചായിരുന്നു എത്തിയത്. കങ്കണയുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു ചിരാഗ് പാസ്വാൻ.
2011ൽ 'മിലേ നാ മിലേ ഹം' എന്ന ചിത്രത്തിൽ കങ്കണയോടൊപ്പമായിരുന്നു ചിരാഗ് അഭിനയിച്ചത്. പടം എട്ടുനിലയിൽ പൊട്ടിയിരുന്നു. എന്നാൽ, അതിന് ശേഷം കങ്കണയും താനും തമ്മിൽ നല്ല സുഹൃത്തുക്കളായെന്ന് ചിരാഗ് പറഞ്ഞു. എന്‍റെ കുടുംബത്തിൽ നിന്ന് സിനിമ മേഖലയിലെത്തിയ ആദ്യത്തെ ആളാണ് ഞാൻ. അഭിനയം ഒരിക്കലും എനിക്ക് പറ്റിയ പണിയല്ലെന്ന് മനസ്സിലായി. കങ്കണയുടെ സൗഹൃദമാണ് ബോളിവുഡിൽ നിന്നുണ്ടായ നല്ല കാര്യം. ഇപ്പോൾ പാർലമെന്‍റിൽ ഞങ്ങൾ ഒരുമിച്ചുണ്ട് എന്നത് സന്തോഷമുള്ള കാര്യമാണ്. കഴിഞ്ഞ മൂന്ന് വർഷം ഞാൻ നല്ല തിരക്കിലായിരുന്നു. കങ്കണയുമായുള്ള ബന്ധവും അധികമില്ലായിരുന്നു. ഇനി പാർലമെന്‍റിൽ എപ്പോഴും തമ്മിൽ കാണാമെന്നുള്ളത് സന്തോഷമുള്ള കാര്യമാണ് -ചിരാഗ് പറഞ്ഞു.
കങ്കണക്ക് താൻ രാഷ്ട്രീയ ഉപദേശമൊന്നും പ്രത്യേകമായി നൽകേണ്ട ആവശ്യമില്ല. കങ്കണയുടെ വാക്കുകൾ പലതും രാഷ്ട്രീയമായി ശരിയല്ലെന്ന് കാണാറുണ്ട്. എന്നാൽ, അത് തന്നെയാണ് അവരുടെ പ്രത്യേകത. എന്ത് എപ്പോൾ പറയണമെന്ന് കങ്കണക്ക് അറിയാം. അതിനാൽ, പറയുന്നതെല്ലാം പൊളിറ്റിക്കലി കറക്ട് ആയിരിക്കണമെന്നില്ല. അതുതന്നെയാണ് കങ്കണയിൽ ആളുകൾ ഇഷ്ടപ്പെടുന്ന കാര്യമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.