യു.പിയിൽ ചണ്ഡീഗഢ്-ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി; നാലുമരണം

ലഖ്നോ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ ചണ്ഡീഗഢ്-ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനിന്റെ 12 കോച്ചുകൾ പാളം തെറ്റി. തുടർന്ന് നാല് യാത്രക്കാർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യു.പിയിലെ ഗോണ്ടക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് അപകടം നടന്നത്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ചണ്ഡീഗഢിൽ നിന്ന് അസമിലെ ദിബ്രുഗഢിലേക്ക് പോവുകയായിരുന്നു ട്രെയിൻ. 15 ആംബുലൻസുകളുമായി 40 അംഗ മെഡിക്കൽ സംഘം സ്ഥലത്തുണ്ട്. കൂടുതൽ ആംബുലൻസുകൾ അപകട സ്ഥലത്തേക്ക് ഉടൻ എത്തിക്കും. ജുലാഹി റെയിൽവേ സ്റ്റേഷന് ഏതാനും കിലോമീറ്റർ മുമ്പാണ് എ.സി കമ്പാർട്ട്മെന്റിന്റെ നാല് കോച്ചുകൾ പാളം തെറ്റിയത്.

ബുധനാഴ്ച രാത്രി 11.35നാണ് ചണ്ഡീഗഢിൽ നിന്ന് ട്രെയിൽ പുറപ്പെട്ടത്.

പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിക്കാനും അവർക്ക് ആവശ്യമായ ചികിത്സ നൽകാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. അപകടം ആ റൂട്ടിലെ ട്രെയിൻ സർവീസിനെ ബാധിച്ചു. ചില ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്തു.കതിഹാർ-അമൃത്‌സർ എക്‌സ്‌പ്രസ്, ഗുവാഹത്തി-ശ്രീമാതാ വൈഷ്‌ണോദേവി കത്ര എക്‌സ്‌പ്രസ് എന്നിവയാണ് വഴിതിരിച്ചുവിട്ടത്.

Tags:    
News Summary - 4 Passengers die as coaches of Chandigarh-Dibrugarh Express derail in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.