സംഘ്പരിവാർ നീക്കം പൊളിഞ്ഞു; ഇന്ത്യൻ ഇസ്ലാമിക് കൾച്ചറൽ സെന്‍റർ അധ്യക്ഷനായി സൽമാൻ ഖുർഷിദിന് വിജയം

ന്യൂഡൽഹി: ഡൽഹിയിലെ ഇന്ത്യൻ ഇസ്ലാമിക് കൾച്ചറൽ സെന്‍റർ (ഐ.ഐ.സി.സി) പ്രസിഡന്‍റായി മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന് വിജയം. ഐ.ഐ.സി.സിയിൽ അധികാരം പിടിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ തുരത്തിയാണ് ഖുർഷിദിന്‍റെ ജയം. ആർ.എസ്.എസ് അനുകൂലികളായ മുസ്ലിം നേതാക്കളുടെ സഹായത്തോടെ ഐ.ഐ.സി.സി പിടിക്കാനായിരുന്നു സംഘ്പരിവാർ ശ്രമം.

തെരഞ്ഞെടുപ്പിൽ 721 വോട്ട് നേടി വൻ ഭൂരിപക്ഷത്തിലാണ് സൽമാൻ ഖുർഷിദിന്‍റെ ജയം. ആർ.എസ്.എസിന് കീഴിലെ മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാവ് ഡോ. മജീദ് അഹമ്മദ് താലിക്കോട്ടിയാണ് പ്രസിഡന്‍റ് പദവിയിലേക്ക് മത്സരത്തിനുണ്ടായിരുന്നത്. എന്നാൽ, 227 വോട്ട് മാത്രം നേടി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറ്റൊരു സ്ഥാനാർഥിയായ ആസിഫ് ഹബീബ് 278 വോട്ട് നേടി രണ്ടാമതായി.


ഐ.ഐ.സി.സിയുടെ 13 അംഗ ഗവേണിങ് സമിതിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആഗസ്റ്റ് 11നായിരുന്നു വോട്ടെടുപ്പ്. മൂന്ന് ദിവസമായി തുടർന്ന വോട്ടെണ്ണലിൽ ഫലപ്രഖ്യാപനമുണ്ടായത് ഇന്നലെയാണ്. ഖുർഷിദിന്‍റെ പാനലിലെ എട്ട് സ്ഥാനാർഥികൾക്ക് വിജയിക്കാനായി. ഐ.ഐ.സി.സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും തന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.

ഡല്‍ഹിയിലെ കണ്ണായ സ്ഥലങ്ങളിലൊന്നായ ലോധി റോഡില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഓരോ അഞ്ച് വര്‍ഷവുമാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താറുള്ളത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ കൂടാതെ ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലേക്ക് ഏഴ് അംഗങ്ങളും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ മുമ്പെങ്ങുമില്ലാത്ത വാശിയേറിയ മത്സരത്തിനാണ് ഐ.ഐ.സി.സി സാക്ഷിയായത്. 

Tags:    
News Summary - Big blow to RSS as Congress leader Salman Khurshid wins IICC presidential elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.