140 കോടി ജനത ഒറ്റക്കെട്ടായി നീങ്ങിയാൽ 2047ഓടെ വികസിത ഭാരതം യാഥാർഥ്യമാകും -മോദി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ചെങ്കോട്ടയിൽ പതാക ഉയർത്തി. കൊളോണിയല്‍ ഭരണത്തില്‍ നിന്നുള്ള മോചനത്തിന് നീണ്ട പോരാട്ടമാണ് നടത്തിയതെന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ മോദി പറഞ്ഞു. കൊളോണിയൽ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം പേറുന്നതിൽ അഭിമാനിക്കുന്നു. ഇന്ന് നാം 140 കോടി ജനതയാണ്. ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാൽ നമുക്ക് 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നം കൈവരിക്കാനാകും -മോദി പറഞ്ഞു.

രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രകൃതി ദുരന്തത്തില്‍ പൊലിഞ്ഞവരെ രാജ്യം വേദനയോടെ ഓര്‍ക്കുന്നുവെന്ന് മോദി പറഞ്ഞു. രാജ്യം അവരുടെ കുടുംബത്തിന് ഒപ്പമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിച്ചുവരികയാണ്. നിരവധി ആളുകൾക്കും അവരുടെ കുടുംബാം​ഗങ്ങൾക്കും നഷ്ടങ്ങളുണ്ടായി. രാജ്യത്തിനും നഷ്ടം സംഭവിച്ചു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ഈ രാജ്യം അവർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകുന്നു.

രാജ്യത്തെ സായുധ സേന സർജിക്കൽ, വ്യോമാക്രമണം നടത്തുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനം നിറയുന്നു. പരിഷ്‌കാരങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത താൽക്കാലിക കൈയടിക്ക് വേണ്ടിയല്ല. മറിച്ച് രാജ്യത്തെ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയമാണ്. കഴിഞ്ഞ 10 വർഷത്തെ വളർച്ച യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ്. ഒരു കോടി സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിലൂടെ ലക്ഷാധിപതികളായി. 10 കോടിയിലധികം വനിതകൾ ഇന്ന് സ്വയംപര്യാപ്തരാണ് -മോദി പറഞ്ഞു.

വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേരാണ് ഇത്തവണ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിച്ചു. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമായി.

Tags:    
News Summary - Our commitment to reforms due to dedication to 'nation first'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.