പറ്റ്ന: 20 രൂപയുടെ പാൻമസാല കടംകൊടുക്കാത്തതിന് ബീഹാറിൽ കട ഉടമയുടെ മകനെ വെടിവച്ചുകൊന്നു. തിങ്കളാഴ്ച രാവിലെ ത്രിവേണിഗഞ്ചിലാണ് സംഭവം. പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ട അജിത് കുമാർ ആണ് പലചരക്ക് കട ഉടമയുടെ ഇളയ മകൻ മിഥിലേഷിനെ വെടിവച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച തർക്കം നടക്കുന്നത്. അജിത് കുമാർ മരിച്ചയാളുടെ പിതാവിനോട് പാൻ മസാലയെചൊല്ലി വഴക്കുണ്ടാക്കിയിരുന്നു.
കടംകൊടുക്കാത്തതിൽ പ്രകോപിതനായ ഗുണ്ട മോട്ടോർ സൈക്കിളിൽ കൂട്ടാളികളോടൊപ്പം പിറ്റേന്ന് പലചരക്ക് കടയിലേക്ക് മടങ്ങി എത്തുകയായിരുന്നു. ആ സമയത്ത് ഉടമയുടെ ഇളയ മകനാണ് കടയിൽ ഉണ്ടായിരുന്നത്. അജിത് കുമാറും ഇയാളും തമ്മിൽ വീണ്ടും വഴക്കുണ്ടായി. തുടർന്ന് തോെക്കടുത്ത് വെടിവയ്ക്കുകയായിരുന്നു. കടയുടെ അടുത്തുണ്ടയിരുന്ന മിഥിലേഷിന്‍റെ ജ്യേഷ്ഠൻ ഓടി എത്തിയെങ്കിലും കൊലയാളികൾ കടന്നുകളഞ്ഞിരുന്നു.
ത്രിവേണിഗഞ്ച് പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചു. കൊലയാളികളെ പിടികൂടാനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ തിരിച്ചറിഞ്ഞതായും തിരച്ചിൽ ആരംഭിച്ചതായും എസ്ഡിഎം ഷെയ്ഖ് ഹസ്സൻ പറഞ്ഞു. 'എന്‍റെ ഇളയ സഹോദരനെ വെടിവച്ചു കൊന്നു. ഞാനും സമീപത്തുണ്ടായിരുന്നു. ഞാൻ കടയിലെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു'- മരിച്ച മിഥിലേഷ് കുമാറിന്‍റെ ജ്യേഷ്ഠൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.