ബിഹാർ ട്രെയിൻ അപകടം: കാരണം പാളത്തിലെ പ്രശ്നമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഡൽഹിയിൽനിന്ന് അസമിലേക്ക് പോയ ഡൽഹി-കാമാഖ്യ നോർത്ത് ഈസ്റ്റ് എക്സ്പ്രസ് ബിഹാറിലെ ബക്സർ ജില്ലയിൽ പാളം തെറ്റാനുള്ള കാരണം പാളത്തിലെ പ്രശ്നമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ബുധനാഴ്ച രാത്രി നടന്ന അപകടത്തിൽ നാലു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലോകോ പൈലറ്റിനും അസി. പൈലറ്റിനും പരിക്കുണ്ട്. രഘുനാഥ്പുർ സ്റ്റേഷന് സമീപമായിരുന്നു അപകടം.

ട്രെയിൻ സ്റ്റേഷൻ കടന്നുപോയത് 128 കിലോമീറ്റർ വേഗത്തിലാണെന്ന് ലോകോ പൈലറ്റ് റിപ്പോർട്ടിൽ പറഞ്ഞു. സ്റ്റേഷൻ കടന്ന ഉടൻ ട്രെയിനിന്റെ പിൻവശത്ത് വലിയ കുലുക്കമുണ്ടായി. ഇതുമൂലും ബ്രേക് പൈപ്പ് സമ്മർദം പെട്ടെന്ന് താഴ്ന്നു. ട്രെയിൻ 9.52ന് പാളം തെറ്റുകയും ചെയ്തു.

അപകടത്തിൽ രണ്ട് എ.സി ത്രീ ടയർ കോച്ചുകൾ തലകുത്തനെ മറിഞ്ഞു. നാല് കോച്ചുകൾ ട്രാക്കിൽനിന്ന് തെന്നി മാറി. ചില യാത്രക്കാർ ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണതായി സമീപവാസികൾ പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന് റെയിൽവെ 10 ലക്ഷം രൂപയും ബിഹാർ സർക്കാർ നാലു ലക്ഷവും നൽകും. പരിക്കേറ്റവരുടെ എണ്ണം 70 ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണ്. ഉന്നതതല അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.

ഡൽഹി ആനന്ദ് വിഹാർ സ്റ്റേഷനിൽനിന്ന് പുറപ്പെടുമ്പോൾ ട്രെയിനിൽ 1,500ഓളം പേരാണ് ഉണ്ടായിരുന്നത്. അപകടം മൂലം 21 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.

Tags:    
News Summary - Bihar train accident: Fault in tracks likely cause of derailment, says initial probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.