ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ ജയിലിൽ കീഴടങ്ങാൻ കൂടുതൽ സമയംതേടി അഞ്ചു കുറ്റവാളികൾ സുപ്രീംകോടതിയെ സമീപിച്ചു. ഗോവിന്ദ് നയി, പ്രദീപ് മൊർദിയ, ബിപിൻ ചന്ദ്ര ജോഷി, രമേഷ് ചന്ദന, മിതേഷ് ഭട്ട് എന്നിവരാണ് അപേക്ഷ നൽകിയത്.
ശിക്ഷാ കാലാവധി തീരുംമുമ്പ് 2022 ലെ സ്വതന്ത്ര്യദിനത്തിൽ 11 കുറ്റവാളികളെ വിട്ടയച്ചത് റദ്ദാക്കിയ സുപ്രീംകോടതി ഇതിന് ഉത്തരവിട്ട ഗുജറാത്ത് സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രണ്ടാഴ്ചക്കകം കുറ്റവാളികൾ കീഴടങ്ങാനും ജനുവരി എട്ടിന്റെ വിധിയിൽ നിർദേശിച്ചിരുന്നു. ഇവരിൽ അഞ്ചുപേരാണ് മോശം ആരോഗ്യം, ശസ്ത്രക്രിയ, മകന്റെ വിവാഹം, വിളവെടുപ്പ് എന്നീ കാരണങ്ങൾ പറഞ്ഞ് കൂടുതൽ സമയം തേടി സുപ്രീംകോടതിയിൽ എത്തിയത്.
15 വർഷത്തോളം തടവ് അനുഭവിച്ചവരെയാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.
2002ൽ ഗുജറാത്ത് വംശഹത്യക്കിടെ ഗർഭിണിയായ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്നരവയസ്സുള്ള മകൾ ഉൾപ്പെടെ ഏഴു കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയുംചെയ്ത കേസിലാണ് 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ച് അപേക്ഷകൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കൈമാറാൻ രജിസ്ട്രിയോട് ബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.