ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ബംഗളൂരു കേന്ദ്രമായുള്ള പണമിടപാടുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണ വിധേയമാക്കും. അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിെൻറ ഇടപാടിന് സാമ്പത്തിക സഹായം നൽകിയെന്നാണ് ബിനീഷിനെതിരായ ആരോപണം.
കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നിയപ്രകാരം ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ആറാം പ്രതിയാണ് ബിനീഷ് കോടിയേരി. ബിനീഷിെൻറ സുഹൃത്തും കൊച്ചി വെണ്ണല സ്വദേശിയുമായ അനൂപ് മുഹമ്മദ്, ബംഗളൂരു സ്വദേശിനി ഡി. അനിഘ, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ എന്നിവരാണ് ഒന്നു മുതൽ മൂന്നുവരെ പ്രതികൾ. നേരത്തേ, കേരളത്തിലെ സ്വർണക്കടത്ത് കേസിലെ ഹവാല ഇടപാട് സംബന്ധിച്ചും ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.
സുഹൃത്തെന്ന നിലയിലാണ് ഹോട്ടൽ ബിസിനസിന് അനൂപിന് ആറു ലക്ഷം രൂപ നൽകിയതെന്നാണ് ബിനീഷിെൻറ വാദം. 2015 മുതൽ 2020 ആഗസ്റ്റ് വരെ 70 ലക്ഷം രൂപയാണ് അനൂപിെൻറ അക്കൗണ്ടിലെത്തിയത്. ഇതിൽ 50 ലക്ഷം രൂപ 20 അക്കൗണ്ടുകളിൽനിന്നായാണ് ലഭിച്ചത്. ഇൗ പണം തെൻറ അറിവോടെയല്ല അക്കൗണ്ടിലെത്തിയതെന്നും ബിനീഷിനോടാണ് പണമാവശ്യപ്പെട്ടതെന്നുമാണ് അനൂപ് നൽകിയ മൊഴി. ഇരുവരുടെയും മൊഴികളിലെ ഇൗ പൊരുത്തക്കേടാണ് ബിനീഷിെൻറ അറസ്റ്റിലേക്ക് നയിച്ചത്. അനൂപിെൻറ അക്കൗണ്ടിലേക്ക് പണമയച്ചവരിൽനിന്നും ഇ.ഡി തെളിവ് ശേഖരിക്കും.
അനൂപിനെ ബിനാമിയാക്കി ബിനീഷ് ബംഗളൂരുവിൽ കള്ളപ്പണ ഇടപാടുകൾ നടത്തിയിരുന്നെന്ന ഇ.ഡിയുടെ സംശയം ബലപ്പെടുത്തുന്നതാണ് ഇരുവരുടെയും മൊഴികൾ. 2015ൽ ബംഗളൂരു കമ്മനഹള്ളിയിൽ 'ഹയാത്ത്' എന്ന പേരിലും 2020 ഫെബ്രുവരിയിൽ ഹെന്നൂർ കല്യാൺനഗറിൽ 'റോയൽ സ്യൂട്ട്സ്' എന്ന പേരിലും അനൂപ് ഹോട്ടൽ ബിസിനസ് നടത്തിയിരുന്നു. ബിനീഷിെൻറ സഹായത്തോടെ ആരംഭിച്ച ഇൗ ബിസിനസിെൻറ മറവിലാണ് ലഹരി ഇടപാടുകൾ നടന്നിരുന്നത്. ബിറ്റ്കോയിൻ ഉപയോഗിച്ച് വിദേശത്തുനിന്ന് എത്തിച്ചിരുന്ന മയക്കുമരുന്നുകൾ കേരളത്തിലടക്കം ലഹരി പാർട്ടികളിൽ വിതരണം ചെയ്തതായാണ് വിവരം.
മാത്രവുമല്ല, 2015ൽ ബംഗളൂരു ആസ്ഥാനമായി ബിനീഷ് കോടിയേരിയും സുഹൃത്ത് കണ്ണൂർ ധർമടം സ്വദേശി അനസും ചേർന്ന് ആരംഭിച്ച ഫിനാൻസ് കമ്പനിയുടെ പ്രവർത്തനവും ഇ.ഡി അന്വേഷണ വിധേയമാക്കും. 'ബി കാപിറ്റൽ ഫിനാൻഷ്യൽ സർവിസസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനം രജിസ്റ്റർ ചെയ്തെങ്കിലും ഇ-ഫയലിങ് നടക്കാത്തതിനാൽ 2018 മുതൽ പ്രവർത്തനം രജിസ്ട്രാർ ഒാഫ് കമ്പനീസ് തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.