ന്യൂഡൽഹി: ദേശദ്രോഹ കുറ്റം ചുമത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം രാജ്യസഭയിൽ കൊമ്പുകോർത്തു. ബിനോയ് വിശ്വത്തിന് പിന്തുണയുമായി കേരളത്തിൽ നിന്നുള്ള സി.പി.ഐയുടെ നവാഗത എം.പി പി. സന്തോഷ് കുമാറും രംഗത്തുവന്നു.
കേരളത്തിൽ നിന്നുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ എം.പിയായ ബിനോയ് വിശ്വം എങ്ങിനെയാണ് ദേശദ്രോഹക്കുറ്റം ചുമത്തുന്ന ഐ.പി.സി 124 എ വകുപ്പിനെ എതിർക്കുക എന്ന് ചോദിച്ചാണ് അമിത് ഷാ തർക്കം തുടങ്ങിയത്. ''ഭയ്യാ, കമ്യൂണിസ്റ്റുകൾ ജനങ്ങളെ കൊലപ്പെടുത്തുകയാണ്. എന്‍റെ പാർട്ടിയുടെ 100 പേരെയെങ്കിലും കേരളത്തിൽ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായിട്ടുണ്ട്. അവരുടെ ജീവൻ തന്നെ പൂർണമായും എടുത്താണോ 124 എയെ കുറിച്ച് പഠിപ്പിക്കാൻ വരുന്നത്. നന്നെ ചുരുങ്ങിയത് കേരളത്തിൽ നിന്നുള്ള കമ്യൂണിസ്റ്റ് അംഗം 124 എ ഉന്നയിക്കാൻ പാടില്ലായിരുന്നു''.
കേരളത്തിൽ 124 എ ഒരിക്കൽ പോലും സർക്കാർ പ്രയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ് എഴുന്നേറ്റ ബിനോയ് വിശ്വം അമിത് ഷായുടെ പ്രസംഗം തടസപ്പെടുത്തി. എന്നാൽ നിരവധി ഉദാഹരങ്ങളുണ്ടെന്നായിരുന്നു അമിത് ഷായുടെ മറുപടി. ഈ സഭയിൽ ചോദ്യത്തിന് താനല്ലാത്ത മറ്റുള്ളവർ നൽകിയ മറുപടിയിൽ തന്നെ കേരളത്തിലെ ഉദാഹരണങ്ങളുണ്ട്. അത് സഭയിൽ വെക്കാൻ തയാറാണ് എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
എങ്കിൽ ഒരു ഉദാഹരണമെങ്കിലും വെക്കാൻ ബിനോയ് വിശ്വം അമിത് ഷായെ വെല്ലുവിളിച്ചു. ഒരു ഉദാഹരണമെങ്കിലും വെക്കൂ എന്ന് അമിത് ഷായോട് ആവശ്യപ്പെട്ട് സന്തോഷ് കുമാറും പിന്തുണയുമായി രംഗത്തുവന്നു. തന്‍റെ പ്രസ്താവനയല്ല ഇതെന്നും കേരള നിയമസഭയിലെ ചോദ്യോത്തരവും സഭയിൽ വെക്കാൻ തയാറാണെന്നും പറഞ്ഞ് അമിത് ഷാ മറ്റു വിഷയത്തിലേക്ക് കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.