ന്യൂഡൽഹി: രണ്ടുവർഷത്തിനുശേഷം രാജ്യസഭാ സെക്രട്ടേറിയറ്റിൽ വീണ്ടും ബയോമെട്രിക് ഹാജർ പുനരാരംഭിക്കുന്നു. ഉദ്യോഗസ്ഥരോട് ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക് ഹാജർ സംവിധാനം പിന്തുടരാൻ നിർദ്ദേശിച്ച് മെയ് 20നാണ് സർക്കുലർ പുറത്തിറക്കിയത്. 1300 ൽ അധികം ആളുകൾ ജോലിചെയ്യുന്ന രാജ്യസഭ സെക്രട്ടേറിയറ്റിൽ കോവിഡിനെ തുടർന്ന് ബയോമെട്രിക് ഹാജർ താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. 2018 ആഗസ്റ്റിലാണ് രാജ്യസഭ ബയോമട്രിക് ഹാജർ സംവിധാനം നിലവിൽ വന്നത്.
സെക്രട്ടേറിയറ്റിലെ എല്ലാ ഉദ്യോഗസ്ഥരോടും ജൂൺ ഒന്നുമുതൽ ബയോമെട്രിക് സംവിധാനമുപയോഗിച്ച് ഹാജർ രേഖപ്പെടുത്തണമെന്നും എന്നാൽ സർക്കുലർ പുറപ്പെടുവിച്ച ദിവസം മുതൽ മെയ് 31 വരെ പുതിയ രജിസ്ട്രഷനുകൾ പൂർത്തിയാക്കുന്നതിനും കാര്യക്ഷമമായാണോ മെഷീൻ പ്രവർത്തിക്കുന്നത് എന്ന് നിരീക്ഷിക്കാനും പരീക്ഷണാടിസ്ഥാനത്തിൽ ബയോമെട്രിക് ഹാജർ സംവിധാനം പ്രവർത്തിക്കുമെന്നും രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. കൂടാതെ ഉദ്യോഗസ്ഥരോട് കോവിഡ് വ്യാപനം തടയുന്നതിനായ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാനും സർക്കുലറിൽ നിർദ്ദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.