അഗർത്തല: വിവാദപരാമർശങ്ങളിലൂടെയും ‘മണ്ടൻ’ പ്രസ്താവനകളിലൂടെയും സ്ഥിരം വാർത്തകളിൽ ഇടംപിടിക്കുന്നയാളാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. പഞ്ചാബികൾക്കും ജാട്ടുകൾക്കുമെതിരായ അധിക്ഷേപ പരാമർശത്തിലൂടെ വീണ്ടും വെട്ടിലായിരിക്കുകയാണ് ബിപ്ലബ്.
കഴിഞ്ഞദിവസം അഗർത്തലയിൽ നടന്ന വാർത്തസമ്മേളനത്തിനിടെ ബിപ്ലബ് പറഞ്ഞതിങ്ങനെ: ബുദ്ധിയുടെ കാര്യത്തിൽ ബംഗാളികളെ വെല്ലാൻ ആർക്കുമാകില്ല. ബംഗാളികൾ തങ്ങളുടെ വ്യക്തിത്വത്തിെൻറ പേരിലും ബുദ്ധിശക്തിയുടെ പേരിലുമാണ് അറിയപ്പെടുന്നത്.
പഞ്ചാബികൾ വളരെ കരുത്തുള്ളവരാണെങ്കിലും ബുദ്ധികുറഞ്ഞവരാണ്. അവരെ ജയിക്കാൻ ശക്തികൊണ്ടാകില്ല, സ്നേഹംകൊണ്ട് മാത്രമേ കഴിയൂ. ഹരിയാനയിൽ നിരവധി ജാട്ടുകളുണ്ട്. അവർ വളരെ ആരോഗ്യമുള്ളവരാണെങ്കിലും ബുദ്ധിശക്തി കുറഞ്ഞവരാണ്. ആരെങ്കിലും ജാട്ടുകളെ വെല്ലുവിളിച്ചാൽ അവർ വീട്ടിൽ നിന്നും തോക്കുമായി വരും.
പരാമർശത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബിപ്ലബ് പഞ്ചാബികളെയും ജാട്ടുകളെയും അധിക്ഷേപിച്ചു. ഇതാണ് ബി.ജെ.പിയുടെ മനസ്സിലിരിപ്പ്. ഹരിയാന മുഖ്യമന്ത്രി ഖട്ടറും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും എന്താണ് നിശബ്ദമായിരിക്കുന്നത്? മോദിയും നഡ്ഡയും എവിടെയാണ്?. മാപ്പ് പറയിപ്പിക്കുകയും നടപടി എടുക്കുകയും വേണം -കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു.
എന്നാൽ പ്രതികരണം വിവാദമായതിന് പിന്നാലെ മാപ്പുമായി ബിപ്ലബ് എത്തി. ആരെയും വേദനിപ്പിക്കുക തെൻറ ലക്ഷ്യമായിരുന്നില്ല. ആ സമുദായങ്ങൾക്കൊപ്പം പലതവണ ജീവിച്ചിട്ടുണ്ട്. അവരെക്കുറിച്ച് അഭിമാനം മാത്രമേയുള്ളൂ. എെൻറ പരാമർശം അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബിപ്ലബ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.