ഭോപാൽ: ഇത്തവണ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ആണ് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും തർക്കത്തിന്റെ മൂലകാരണം. മധ്യപ്രദേശിൽ ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇംറാൻ ഖാന്റെ തഹ്‍രീകെ ഇൻസാഫ് പാർട്ടിയുടെ (പി.ടി.ഐ)യുടെ പ്രചാരണ ഗാനം കോപ്പിയടിച്ചുവെന്നാണ് ഇരു കൂട്ടരും പരസ്പരം ആരോപിക്കുന്നത്.
കോൺഗ്രസിന്റെ ജൻ ആക്രോശ് യാത്രയുടെ തീം സോങ് ഇംറാൻ ഖാന്റെ പി.ടി.ഐയുടെ പ്രചാരണ ഗാനം കോപ്പിയടിച്ചതാണെന്നാരോപിച്ച് ബി.ജെ.പിയാണ് ആദ്യം രംഗത്തുവന്നത്. പി.ടി.ഐയുടെ ചലോ ചലോ ഇംറാൻ കെ സാഥ് എന്ന ഗാനം ചലോ ചലോ കോൺഗ്രസ് കെ സംഘ് ചലോ എന്ന് മാറ്റിയെന്ന് ആരോപിച്ച് ബി.ജെ.പി യൂനിറ്റ് സെക്രട്ടറി രാഹുൽ കോത്താരിയാണ് രംഗത്തുവന്നത്.
ജൻ ആക്രോശ് യാത്രയുടെ പോസ്റ്ററിൽ കോൺഗ്രസിന്റെ രാജ്യസഭാംഗമായ ദിഗ്‌വിജയ സിങ്ങിനെ കാണാനില്ല. എന്നാൽ അദ്ദേഹം പശ്ചാത്തല സംഗീതം നൽകിയിട്ടുണ്ട്. കോൺഗ്രസിന്റെ പാകിസ്താൻ സ്നേഹം വീണ്ടും വെളിപ്പെടുകയാണ്. അവരുടെ പതാക പച്ചനിറമായാൽ അദ്ഭുതമില്ലെന്നും കോത്താരി പരിഹസിച്ചു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഹരിയാനയിൽ ബി.ജെ.പിയുടെ ഉപമുഖ്യമന്ത്രിയായിരുന്ന ദുഷ്യന്ത് ചൗട്ടാലയും പി.ടി.ഐയുടെ തീം സോങ് കോപ്പിയടിച്ചതായി കോൺഗ്രസും തിരിച്ചടിച്ചു. മഖ്യപ്രദേശിലെ ഏഴിടങ്ങളിൽ നാളെ മുതലാണ് കോൺഗ്രസിന്റെ യാത്ര ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.