മംഗളൂരു: തലപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് ബി.ജെ.പി പിന്തുണയോടെ വിജയിച്ച 13 അംഗങ്ങളിൽ രണ്ടു പേരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് ജില്ല പ്രസിഡന്റ് സുദർശൻ മൂഡബിദ്രി ആറ് വർഷത്തേക്ക് പുറത്താക്കി. വ്യാഴാഴ്ച നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്ഡി.പി.ഐ സ്ഥാനാർഥി ടി. ഇസ്മയിലിന് വോട്ട് ചെയ്ത ഫയാസ്, മുഹമ്മദ് എന്നിവർക്ക് എതിരെയാണ് നടപടി. ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടി അടിസ്ഥാനത്തിൽ അല്ലാത്തതിനാൽ ഇരുവരുടെയും പഞ്ചായത്ത് അംഗത്വത്തെ നടപടി ബാധിക്കില്ല.
തലപ്പാടി പഞ്ചായത്തിൽ മൊത്തമുള്ള 24 അംഗങ്ങളിൽ ബി.ജെ.പി പിന്തുണയോടെ മത്സരിച്ച 13, എസ്.ഡി.പി.ഐ പിന്തുണച്ച 10, കോൺഗ്രസ് പിന്തുണച്ച ഒന്ന് എന്നിങ്ങിനെയാണ് നില.
വോട്ടെടുപ്പ് ദിവസം ബി.ജെ.പിയുടെ മുഴുവൻ അംഗങ്ങളും ഹാജരുണ്ടായിരുന്നു. കോൺഗ്രസ് അംഗം വൈഭവ് ഷെട്ടി ബഹിഷ്കരിച്ചു. എസ്.ഡി.പി.ഐയുടെ ഡി.ബി ഹബീബ ഉംറക്ക് പോയതിനാൽ ഹാജരായില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇസ്മയിലും ബി.ജെ.പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. സത്യരാജിന് 13ഉം ഇസ്മയിലിന് ഒമ്പതും വോട്ടുകളാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ രണ്ട് സ്ഥാനാർഥികൾക്കും 11 വീതം വോട്ടുകളാണ് ലഭിച്ചത്. എന്നാൽ, രണ്ട് ബി.ജെ.പി അംഗങ്ങൾ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പിന്തുണച്ചതോടെ രണ്ടു സ്ഥാനാർത്ഥികൾക്കും 11 വീതം വോട്ടുകൾ ലഭിച്ചു. ഇതേത്തുടർന്ന് വരണാധികാരി ശിശുവികസന ഓഫീസർ സ്വേത നടത്തിയ നറുക്കെടുപ്പിൽ ഇസ്മയിൽ വിജയിച്ചു.
വനിത ബണ്ട്സ് വിഭാഗത്തിന് സംവരണം ചെയ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആ വിഭാഗം അംഗങ്ങൾ മത്സരിക്കാൻ ഇല്ലാത്തതിനാൽ ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. ഫയാസും മുഹമ്മദും തങ്ങളിൽ ഒരാൾക്ക് പ്രസിഡന്റ് പദവി നൽകണമെന്ന് ബി.ജെ.പി നേതൃത്വത്തോട് തെരഞ്ഞെടുപ്പ് പ്രക്രിയക്ക് മുമ്പേ ആവശ്യപ്പെട്ടിരുന്നു. പാർട്ടി വഴങ്ങിയില്ല. മറ്റൊരു അംഗം ചന്ദ്രയുടെ പേര് ഇരുവരും നിർദേശിച്ചു. അതും നിരാകരിച്ച് ബി.ജെ.പി സത്യരാജിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കുകയായിരുന്നു. ഫയാസും മുഹമ്മദും കൂടിയായതോടെ തലപ്പാടി പഞ്ചായത്തിൽ എസ്ഡി.പി.ഐ അംഗബലം 12 ആയി ഉയരും. ബിജെപി പ്രാതിനിധ്യം 13ൽ നിന്ന് 11ലേക്ക് താഴുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.