കിറ്റൂർ കർണാടകയിൽ തിരിച്ചടി പേടിയിൽ ബി.ജെ.പി

ബംഗളൂരു: കർണാടകയിൽ മുസ്‍ലിംകൾക്കുള്ള നാലു ശതമാനം സംവരണം എടുത്തുകളഞ്ഞ് വൊക്കലിഗർക്കും ലിംഗായത്തുകൾക്കുമായി രണ്ടു ശതമാനം വീതം വീതിച്ചു നൽകിയ നടപടി ഇരു സമുദായങ്ങളുടെയും ഭൂരിപക്ഷ മേഖലകളിൽ വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. വൊക്കലിഗ മേഖലയായ പഴയ മൈസൂരുവിൽ ഇത് കുറച്ചൊക്കെ ഗുണം ചെയ്താലും ലിംഗായത്ത് സ്വാധീന മേഖലയായ കിറ്റൂർ കർണാടകയിൽ (മുംബൈ- കർണാടക എന്ന് പഴയ പേര്) ഈ കാർഡ് കൊണ്ടു മാത്രം ബി.ജെ.പി രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. 2018ൽ തങ്ങൾക്ക് വൻ വിജയമാർജിൻ നൽകിയ കിറ്റൂർ കർണാടക മേഖല ഇത്തവണ തിരിച്ചടിക്കുമോ എന്ന ഭയം ബി.ജെ.പിക്കുണ്ട്.

മഠങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന പ്രബല സമുദായമാണ് സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്തുകൾ. ലിംഗായത്തുകളിൽതന്നെ പല വിഭാഗങ്ങളുണ്ട്. നേരത്തെ 3ബി സംവരണ വിഭാഗത്തിലായിരുന്നു ലിംഗായത്തുകൾ. അത് 2 ഡി വിഭാഗത്തിലേക്ക് മാറ്റിയ ബി.ജെ.പി സർക്കാർ സംവരണം അഞ്ചു ശതമാനത്തിൽനിന്ന് ഏഴു ശതമാനമായി ഉയർത്തി. എന്നാൽ, 3 ബി കാറ്റഗറിയിൽ 41 ഉപജാതികളുണ്ടായിരുന്നിടത്ത് 2 ഡി കാറ്റഗറിയിൽ 50 ഉപജാതികളായി ഉയർത്തി. സർക്കാറിന്റെ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അഖിലേന്ത്യാ പഞ്ചമശാലി ലിംഗായത്ത് മഹാസഭ പ്രമേയം പാസാക്കിയത് കഴിഞ്ഞ ദിവസമാണ്. 2 എ കാറ്റഗറിയിൽ സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടു വർഷമായി അവർ പ്രത്യക്ഷ സമരമുഖത്താണ്. മുസ്‍ലിം സംവരണം ഒഴിവാക്കിയെങ്കിലും അതിൽനിന്ന് പകുത്തു നൽകിയ രണ്ടു ശതമാനം സംവരണം തങ്ങൾക്ക് ഫലം ചെയ്യില്ലെന്ന് ലിംഗായത്തുകൾ വാദിക്കുമ്പോൾ തെരഞ്ഞെടുപ്പിൽ ബി.ജെപിക്ക് ഇത് പ്രചാരണത്തിൽ ഗുണപ്പെടില്ല.

ഉത്തര കന്നട, ബെളഗാവി, ധാർവാഡ്, വിജയപുര, ബാഗൽകോട്ട്, ഗദക്, ഹാവേരി എന്നീ ജില്ലകൾ ഉൾക്കൊള്ളുന്നതാണ് കിറ്റൂർ കർണാടക. 56 നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മേഖലയിൽ 2018ലെ ൽ ബി.ജെ.പി 34 ഉം കോൺഗ്രസ് 19 ഉം ജെ.ഡി-എസ് രണ്ടും സീറ്റാണ് നേടിയത്. കോൺഗ്രസ് വിമതൻ ഒരു സീറ്റും നേടി. 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും ബി.ജെ.പി നേടിയപ്പോൾ രണ്ടു നിയമസഭ മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് പിടിച്ചത്.

ഒരു കാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന മേഖലയിൽ ലിംഗായത്തുകളുടെ പിന്തുണയും കോൺഗ്രസിനൊപ്പമായിരുന്നു. 1990ൽ സംസ്ഥാനത്ത് അരങ്ങേറിയ വർഗീയ ലഹളയുടെ പേരിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വീരേന്ദ്ര പാട്ടീലിനെ രാജീവ് ഗാന്ധി നീക്കിയ സംഭവം ലിംഗായത്തുകളെ ചൊടിപ്പിച്ചു. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ ലിംഗായത്ത് വോട്ടുകൾ ബി.ജെ.പിയിലേക്ക് ചാഞ്ഞു. ബി.എസ്. യെദിയൂരപ്പ എന്ന ലിംഗായത്ത് നേതാവിന്റെ വളർച്ചയും ഈ കാലഘട്ടത്തിലാണ്. യെദിയൂരപ്പയെ മുന്നിൽനിർത്തി ലിംഗായത്ത് മുഖ്യമന്ത്രി എന്ന കണക്കുകൂട്ടലിലാണ് അവർ ബി.ജെ.പിക്കൊപ്പം നിന്നത്. വയസ്സ് 75 പിന്നിട്ടിട്ടും മുഖ്യമന്ത്രിയായി തുടരാൻ യെദിയൂരപ്പയെ ബി.ജെ.പി അനുവദിച്ചതും ഗത്യന്തരമില്ലാതെ പടിയിറക്കുമ്പോൾ പകരം അദ്ദേഹത്തിന്റെ വിശ്വസ്തനും കിറ്റൂർ-കർണാടക മേഖലയിൽനിന്നുള്ള ലിംഗായത്ത് നേതാവുമായ ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കിയതും സമുദായ സ്വാധീനമാണ് തെളിയിക്കുന്നത്.

യെദിയൂരപ്പയെ ബി.ജെ.പി ഒതുക്കിയെന്ന വികാരം ലിംഗായത്തുകൾക്കിടയിലുണ്ട്. വരുന്ന തെരഞ്ഞെടുപ്പിൽ ബൊമ്മൈയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിച്ചിട്ടുമില്ല. അധികാരത്തിലെത്തിയാൽ ധാർവാഡിൽനിന്നുള്ള കേന്ദ്രമന്ത്രിയും ബ്രാഹ്മണ സമുദായ അംഗവുമായ പ്രൾഹാദ് ജോഷിയെ മുഖ്യമന്ത്രിയാക്കുമെന്നും ലിംഗായത്തുകൾ ഭയപ്പെടുന്നു.

മേഖലയിൽ 18 മണ്ഡലങ്ങളുള്ള ബെളഗാവി ജില്ലയിൽ പാർട്ടിക്കുള്ളിലെ വടംവലിയും ശിവസേനയുടെ പിന്തുണയുള്ള മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെ സ്വാധീനവും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. 2013ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 34 സീറ്റാണ് കിറ്റൂർ കർണാടക നൽകിയത്.

ഇത്തവണ 40 സീറ്റാണ് കോൺഗ്രസിന്റെ ലക്ഷ്യം. ജെ.ഡി-എസിന് സ്വാധീനമില്ലാത്ത മേഖലയിൽ ബി.ജെ.പിയും കോൺഗ്രസും നേർക്കുനേരാണ് മത്സരം. മിക്ക മണ്ഡലങ്ങളിലും ലിംഗായത്ത് നേതാക്കളെയാണ് ഇരു പാർട്ടികളും അണിനിരത്തുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മൽസരിക്കുന്നതും ഹാവേരിയിലെ ഷിഗ്ഗോണിൽനിന്നാണ്. കിറ്റൂർ- കർണാടക മേഖലയിൽ ബി.ജെ.പി 21 മുതൽ 25 വരെ സീറ്റിലൊതുങ്ങുമെന്നും കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്നുമാണ് എ.ബി.പി- സി വോട്ടർ സർവെ ഫലം. 

Tags:    
News Summary - BJP fears backlash in Kittoor Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.