ശിവസേന നേതാവ് സഞ്ജയ് റാവത്ത്

അൽ ഖാഇദ ആക്രമണം നടത്തിയാൽ പൂർണ ഉത്തരവാദിത്തം ബി.ജെ.പിക്ക് -ശിവസേന

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് അക്രമങ്ങളുണ്ടാക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ബി.ജെ.പി. ജനങ്ങളെ തമ്മിൽ തല്ലിക്കാനാണ് ബി.ജെ.പി നേതാവ് നൂപുർ ശർമയെ പോലുള്ളവർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനയായ അൽ ഖാഇദ രാജ്യത്ത് ചാവേർ ആക്രമണം നടത്തിയാൽ അതിന്‍റെ പൂർണ ഉത്തരവാദി ബി.ജെ.പിയായിരിക്കും. ഗുജറാത്ത്, ഉത്തർപ്രദേശ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി അൽ ഖാഇദയുടെ ഭീഷണി കത്ത് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് റാവത്തിന്റെ പ്രസ്താവന. ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശങ്ങൾക്കെതിരെ അൽ ഖാഇദ കഴിഞ്ഞ ദിവസമാണ് ഭീഷണിയുമായി രംഗത്തെത്തിയത്.

രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾക്കിടയിൽ അക്രമങ്ങൾ ഉണ്ടാക്കാനാണ് ബി.ജെ.പി വക്താവ് നൂപുർ ശർമ ആഗ്രഹിച്ചത്. ഇതിന്‍റെ പേരിൽ രാജ്യത്ത് എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തവും ബി.ജെ.പിക്കായിരിക്കും. കാവി ഭീകരർ ഇപ്പോൾ ഡൽഹിയിലും ബോംബെയിലും യു.പിയിലും ഗുജറാത്തിലും അവരുടെ അന്ത്യം കാത്തിരിക്കുകയാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശങ്ങളിൽ പ്രതിഷേധിച്ച പശ്ചിമേഷ്യൻ രാജ്യങ്ങൾ അൽ ഖാഇദയുടെ ഭീഷണികളെ അപലപിക്കണമെന്ന് ശിവസേന എം.പി പ്രിയങ്ക ചതുർവേദി ഇന്നലെ പറഞ്ഞിരുന്നു.

മുഹമ്മദ് നബി ഉന്നതനാണെന്നും അദ്ദേഹത്തിനെതിരായ പരാമർശങ്ങളെ പ്രതിരോധിക്കാൻ അൽ ഖാഇദയെപ്പോലുള്ള തീവ്രവാദ സംഘടനകളുടെ ആവശ്യമില്ലെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെ, വിദ്വേഷകരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പൊതു സമാധാനത്തിന് ഹാനികരമായ അന്തരീക്ഷം സൃഷ്ടിച്ചതിനും വിവിധ വകുപ്പുകൾ പ്രകാരം നൂപൂർ ശർമ ഉൾപ്പെടെ നിരവധി പേർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു.

Tags:    
News Summary - BJP fully responsible for Al Qaeda attack-Shiv Sena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.