ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബി.ജെ.പിക്ക് കനത്ത പ്രഹരമേകി മുൻ മുഖ്യമന്ത്രിയും കർണാടക ബി.ജെ.പി മുൻ അധ്യക്ഷനുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു. ഞായറാഴ്ച എം.എൽ.എ പദവിയും ബി.ജെ.പി അംഗത്വവും രാജിവെച്ച ജഗദീഷ് ഷെട്ടാറിനെ കോൺഗ്രസ് പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.
ലിംഗായത്ത് നേതാവായ അദ്ദേഹത്തെ കോൺഗ്രസിലെത്തിക്കാൻ ലിംഗായത്ത് നേതാക്കളായ എം.ബി. പാട്ടീലും മുതിർന്ന നേതാവ് ഷാമന്നൂർ ശിവശങ്കരപ്പയുമാണ് മുൻകൈയെടുത്തത്.
ആറു തവണ എം.എൽ.എയായ 67 കാരനായ ജഗദീഷ് ഷെട്ടാർ, ബി.ജെ.പിയുമായി മൂന്നു ദശാബ്ദക്കാലമായുള്ള ബന്ധമാണ് ഉപേക്ഷിച്ചത്. കഴിഞ്ഞദിവസം മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയും ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയിരുന്നു. ലിംഗായത്ത് നേതാക്കളായ ഇരുവരുടെയും വരവ് സമുദായത്തിന് സ്വാധീനമുള്ള വടക്കൻ കർണാടകയിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
ലിംഗായത്ത് അതികായനായ യെദിയൂരപ്പയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിക്ക് പാളയത്തിൽ പട തിരിച്ചടിയേകും. സീറ്റ് തർക്കത്തെ തുടർന്ന് സിറ്റിങ് എം.എൽ.എമാരടക്കം നിരവധി നേതാക്കളാണ് പാർട്ടി വിട്ടത്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ സഹായിയും ബന്ധുവുമായ സന്തോഷ് ബി.ജെ.പി വിട്ട് ജെ.ഡി-എസിൽ ചേർന്നു.
രണ്ടാം പട്ടികയിലും തന്നെ തഴഞ്ഞതോടെ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി ഷെട്ടാർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സീറ്റ് നൽകില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം പകരം, കുടുംബത്തിൽനിന്ന് ഒരംഗത്തെ സീറ്റിലേക്ക് നിർദേശിക്കാൻ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി സ്ഥാനം അടക്കമുള്ള പദവികളും വാഗ്ദാനം ചെയ്തു.
സിറ്റിങ് മണ്ഡലമായ ഹുബ്ബള്ളി- ധാർവാഡ് സെൻട്രലിൽ സീറ്റ് നൽകണമെന്നും അല്ലെങ്കിൽ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്നും നിലപാട് കടുപ്പിച്ച ഷെട്ടാറിനെ അനുനയിപ്പിക്കാൻ കർണാടക തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബി.എസ്. യെദിയൂരപ്പ എന്നിവർ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.