സെക്സ് റാക്കറ്റില്‍ നേതാക്കള്‍ക്ക് പങ്ക്; ബി.ജെ.പി പ്രതിരോധത്തില്‍

അഹ്മദാബാദ്: നാലു ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട സെക്സ് റാക്കറ്റ് പിടിയിലായതോടെ ഗുജറാത്തില്‍ പാര്‍ട്ടി പ്രതിരോധത്തില്‍. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സംഭവം ഏറ്റുപിടിച്ചതോടെ, ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ധാര്‍മികബോധം കാത്തുസൂക്ഷിക്കുന്നവരെന്ന് വലിയ അളവില്‍ അവകാശവാദം ഉന്നയിക്കുന്ന പാര്‍ട്ടിക്ക്, എതിരാളികളുടെ നീക്കങ്ങള്‍ വലിയ അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത്. ബി.ജെ.പി അബ്ദസ താലൂക്ക് പ്രസിഡന്‍റ് ശാന്തിലാല്‍ സോളങ്കി, കൗണ്‍സിലര്‍മാരായ ഗോവിന്ദ് പരുമലാനി, അജിത് രാംവാനി, പാര്‍ട്ടി പ്രവര്‍ത്തകനായ വസന്ത് ഭാനുശാലി എന്നിവരടക്കം ഒമ്പതു പേര്‍ ഉള്‍പ്പെട്ട സെക്സ് റാക്കറ്റാണ് കഴിഞ്ഞ ദിവസം പിടിയിലായത്. റാക്കറ്റിലെ അംഗങ്ങള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നു കാണിച്ച് പരാതി നല്‍കിയ സ്ത്രീയുടെ ഫോട്ടോയും പേരും പരസ്യമാക്കിയ ബി.ജെ.പി നേതാക്കളുടെ നടപടിയും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.

2016 ആഗസ്റ്റ് മുതല്‍ മാസങ്ങളോളം റാക്കറ്റിന്‍െറ പീഡനത്തിനിരയായെന്നാണ് സ്ത്രീയുടെ പരാതി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട ആം ആദ്മി പാര്‍ട്ടി, ഞായറാഴ്ച മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വീട് ഉപരോധിക്കുമെന്നും അറിയിച്ചു. സംസ്ഥാനത്ത് സ്ത്രീജീവിതം അരക്ഷിതാവസ്ഥ നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ നടത്തുന്നുണ്ട്. സംഭവം ഏതുവിധേനയും ഒതുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കോണ്‍ഗ്രസും എ.എ.പിയും ആരോപിക്കുന്നു.

പ്രതിഷേധം ശമിപ്പിക്കുന്നതിന്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. അറസ്റ്റിലായതിനു പിന്നാലെ പാര്‍ട്ടിയില്‍നിന്ന് നാലു പേരെയും പുറത്താക്കിയതായി ബി.ജെ.പി അറിയിച്ചു. അതിനിടെ, റാക്കറ്റിനെതിരെ സ്ത്രീ നല്‍കിയ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയാറായില്ളെന്ന ആക്ഷേപവും ശക്തമാണ്. അഭിഭാഷകന്‍ മുഖേന പരാതി നല്‍കിയപ്പോള്‍ മാത്രമാണ് ജനുവരിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധരായതെന്ന് ആം ആദ്മി പാര്‍ട്ടി വനിത വിഭാഗം പ്രസിഡന്‍റ് വന്ദന പട്ടേല്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ബി.ജെ.പിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് വന്ദന പട്ടേല്‍ ശ്രമിക്കുന്നതെന്നും അവര്‍ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കുമെന്നും സഹമന്ത്രി ശങ്കര്‍ ചൗധരി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ അതിക്രമമുണ്ടായാല്‍ ഒരു പോസ്റ്റ് കാര്‍ഡില്‍ പരാതി നല്‍കിയാല്‍ മതിയെന്നും ഉടന്‍ നടപടിയുണ്ടാവുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രസംഗിച്ചിരുന്നതായി കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി ഓര്‍മപ്പെടുത്തി. എന്നാല്‍, മോദിയുടെ സ്വന്തം പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട സെക്സ് റാക്കറ്റാണ് ഇപ്പോള്‍ പിടിയിലായതെന്ന് അദ്ദേഹം പരിഹസിച്ചു.

Tags:    
News Summary - bjp leaders includes in sex racket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.