ഇംഫാൽ: മണിപ്പൂരിലെ സ്വന്തം സർക്കാറിനെ വിമർശിച്ച് ദേശീയ നേതൃത്വത്തിന് കത്തയച്ച് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദക്കാണ് കത്തയച്ചിരിക്കുന്നത്. മണിപ്പൂരിൽ കലാപം തുടരുന്നതിനിടെയാണ് ഇതാദ്യമായാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഇങ്ങനെയൊരു നീക്കമുണ്ടാവുന്നത്.
ഭരണകൂടത്തിനെതിരെ ജനങ്ങളുടെ രോഷവും പ്രതിഷേധവും വർധിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. എട്ടോളം സംസ്ഥാന ഭാരവാഹികളാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷ ശാർദ ദേവിയുടെ നേതൃത്വത്തിലാണ് പാർട്ടിയുടെ നടപടി. മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിങ്ങിന്റെ വീടിന് നേരെ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെയാണ് കത്ത്. ഇംഫാൽ വെസ്റ്റ് എം.എൽ.എയുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു.
പൊതുജനങ്ങളുടെ രോഷവും പ്രതിഷേധവും ഒരു തിരമാല കണക്കെ ഉയരുകയാണ്. ഈ അസ്വസ്ഥതയുടെ ഏക ഉത്തരവാദിത്തം സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിലെ സർക്കാറിന്റെ പരാജയം മാത്രമായി വിലയിരുത്തപ്പെടുന്നു. അതേസമയം, പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ രാവും പകലുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആർട്ടിക്കൾ 355 പിൻവലിച്ച് സംസ്ഥാന മുഖ്യമന്ത്രിക്ക് പൂർണമായ അധികാരം നൽകി സർക്കാറിന്റെ ആത്മവിശ്വാസം വീണ്ടെടുക്കണം. പ്രശ്നങ്ങളുണ്ടാക്കുന്നവരെ മാറ്റി ദേശീയപാതകളിലൂടെയുള്ള ഗതാഗതം സുഗമമാക്കണം. വീട് നഷ്ടപ്പെട്ട 60,000ത്തോളം പേർക്ക് ഉടൻ പുനരധിവാസം ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.