ന്യൂഡൽഹി: ബി.ജെ.പി എം.പി സാക്ഷി മഹാരാജിെൻറ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ജില്ല മജിസ്ട്രേറ്റിനോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതി പ്രകാരം എം.പിക്കെതിരെയും മീററ്റിലെ പൊതുപരിപാടിയുടെ സംഘാടകർക്കെതിരെയും പൊലീസ് കേസ് ഫയൽ ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷെൻറ നടപടി. സംഭവത്തിെൻറ വിഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സാക്ഷി മഹാരാജ് വിവാദ പരാമർശം നടത്തിയ പരിപാടിക്ക് പൊലീസിെൻറ അനുമതി വാങ്ങിയില്ലെന്ന വാർത്തകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. രാജ്യത്ത് ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നത് നാലു ഭാര്യമാരും നാൽപതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നവർ ഉള്ളതുകൊണ്ടാണ്. ഇതിനാൽ ഏക സിവിൽ കോഡ് സർക്കാർ ഉടൻ നടപ്പാക്കണം എന്നായിരുന്നു സാക്ഷിയുടെ പ്രസ്താവന. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എം.പി വിദ്വേഷ പരാമർശവുമായി രംഗത്തെത്തിയത്.
പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്ക് നൽകിയ പൊള്ളയായ വാഗ്ദാനങ്ങളിൽ നിന്നും ശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് ബി.ജെ.പി എം.പി മതവിദ്വേഷമുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തിയിരിക്കുന്നതെന്ന് ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവ് അഖിലേഷ് സിങ് പറഞ്ഞു. നിരന്തരം മതവിദ്വേഷ പരാമർശങ്ങൾ നടത്തുന്ന മഹാരാജിനെ പാർലമെൻറിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
മഹാരാജ് ഇതിനു മുമ്പും മുസ്ലിംകൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. മുസ്ലിം സ്ത്രീകളുടെ അവസ്ഥ ചെരിപ്പിനേക്കാൾ ദയനീയമാണെന്ന പരാമർശവും രണ്ട് കുട്ടികളിൽ കൂടുതലുള്ള ദമ്പതിമാരുടെ വോട്ടവകാശം റദ്ദാക്കണമെന്നും മദ്രസകൾ തീവ്രവാദ കേന്ദ്രങ്ങളാണെന്നുമുള്ള പരാമർശങ്ങളും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.