കൊൽക്കത്ത: ബംഗാളിൽ സാമുദായിക കലാപം നടന്ന ബാസിർഹാട്ടിലേക്ക് കടക്കാൻ ശ്രമിച്ച് ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ. മൂന്ന് എം.പിമാരുൾപ്പടെയുള്ള സംഘമാണ് അറസ്റ്റിലായത്. ബംഗാളിലെ കലാപം നടന്ന ബാസിർഹാട്ടിലേക്കുള്ള യാത്രക്കിടെ ഡംഡം എയർപോർട്ടിൽ വെച്ചാണ് ബി.ജെ.പി എം.പിമാരായ മീനാക്ഷി ലേഖി, സത്യപാൽ സിങ്, ഒ.എം മാത്തുർ എന്നിവരുൾപ്പെടുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
കലാപ പ്രദേശത്തേക്ക് കടക്കരുതെന്ന് ബി.ജെ.പി നേതാക്കൾക്ക് പൊലീസ് നിർദേശം നൽകിയിരുന്നു. ഇത് അവഗണിച്ച് അവിടേക്ക് പോകാൻ ശ്രമിച്ചതിനാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവിടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ട്. പിന്നെ എന്തിനാണ് സംഭവ സ്ഥലത്ത് കടക്കുന്നതിൽ നിന്ന് തങ്ങളെ വിലക്കിയതെന്തിനെന്ന് മനസിലാകുന്നില്ലെന്ന് ബി.ജെ.പി എം.പി മീനാക്ഷി ലേഖി ചോദിച്ചു.
പശ്ചിമബംഗാളിൽ നടന്ന കലാപങ്ങൾക്കെതിരെ ബി.ജെ.പി ശനിയാഴ്ച കൊൽക്കത്തയിൽ വൻ റാലി സംഘടിപ്പിച്ചു. അതേ സമയം, കലാപം നടന്ന പ്രദേശങ്ങൾ അതിർത്തി നഗരങ്ങളാണെന്നും ഇവിടെ കേന്ദ്രസേനയുടെ സഹകരണം ആവശ്യമാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രം സഹകരിക്കുന്നില്ലെന്നും മമത കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.