ലഖ്നോ: സമാജ്വാദി പാർട്ടി നേതാവ് പുഷ്പരാജ് ജെയിനിന്‍റെ വീട്ടിലും ഓഫിസുകളിലും നടത്തിയ ആദായ നികുതി വകുപ്പ് പരിശോധനക്കെതിരെ അഖിലേഷ് യാദവ്. സ്വന്തം സഹായിക്കെതിരെ നടത്തിയ പരിശോധനയുടെ തെറ്റ് ഇപ്പോൾ ബി.ജെ.പി തിരുത്തിയതായി അഖിലേഷ് പറഞ്ഞു. കോടികളുടെ കള്ളപ്പണം പിടിച്ചെടുത്ത കാൺപൂർ വ്യവസായി പീയുഷ് ജെയിനുമായി എസ്.പിക്ക് യാതൊരു ബന്ധവുമില്ലെന്നും ബി.ജെ.പിയുടെ അടുത്ത അനുയായിയുമാണെന്നായിരുന്നു അഖിലേഷിന്‍റെ പ്രതികരണം. കോടികളുടെ കള്ളപ്പണം പിടിച്ചെടുത്തതിന് പിന്നാലെ പീയുഷ് ജെയിനിൻറെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
പെർഫ്യൂം വ്യവസായിയും സമാജ്വാദി നേതാവുമായ പുഷ്പരാജ് ജെയിനിന്‍റെ വസതിയിലും ഓഫിസുകളിലും വെള്ളിയാഴ്ചയായിരുന്നു ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. കൂടാതെ നിരവധി പെർഫ്യൂം വ്യവസായികളുടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. കനൗജ്, കാൺപൂർ, ഡൽഹി, സൂറത്ത്, മുംബൈ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
തന്‍റെ അനുയായികളെ പരിശോധനയിൽ കുരുക്കി പാർട്ടിയെ അപമാനിക്കാൻ ഐ.ടി, എൻഫോഴ്സ്മെന്റ് വകുപ്പുകളുമായി ബി.ജെ.പി കൈകോർത്തിരിക്കുകയാണെന്നും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികളിൽ ആളെക്കൂട്ടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പിയുടെ നിർദേശ പ്രകാരമാണ് നികുതിവകുപ്പിന്‍റെ റെയ്ഡുകൾ. അവർക്ക് മുൻക്കൂട്ടി വിവരം ലഭിക്കുമെന്നും അദ്ദേഹം ആരോപിച്ചു. പുഷ്പരാജ് ജെയിനുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡ് നേരത്തേ സ്വന്തം അനുയായിയുടെ വീട്ടിൽ നടത്തിയ റെയ്ഡിന്റെ നിരാശയിൽനിന്ന് കരകയറുന്നതിന് ആണെന്നും അദ്ദേഹം പറഞ്ഞു.
സമാജ്വാദി പാർട്ടിയെ അവഹേളിക്കാൻ ഡൽഹിയിൽനിന്ന് ലഖ്നോവിലേക്ക് എല്ലാ നേതാക്കളുമെത്തി ആദായ നികുതി വകുപ്പ് പരിശോധനയെക്കുറിച്ച് നുണകൾ പറയുന്നു. ഹിറ്റ്ലർ ഭരണത്തിൽ ഒരു വിഭാഗം മാത്രമായിരുന്നു നുണപ്രചാരണം നടത്തിയത്, എന്നാൽ രാജ്യത്ത് ഒരു സർക്കാർ മുഴുവൻ നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.