ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിനുമായി ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വിവാദമാക്കി ബി.ജെ.പി. യു.കെ പ്രതിപക്ഷ നേതാവിന്റെ ഇന്ത്യ വിരുദ്ധ വീക്ഷണങ്ങളെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യവുമായാണ് ബി.ജെ.പി രംഗത്തെത്തിയത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോർബിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് കോൺഗ്രസും തിരിച്ചടിച്ചു.
ലണ്ടനിൽ സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധി തിങ്കളാഴ്ച കോർബിനെ കാണുകയും സാം പിത്രോദക്കൊപ്പമുള്ള ഇരുവരുടെയും ചിത്രം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ ചിത്രമാണ് ബി.ജെ.പി വിവാദമാക്കിയത്.
2015 മുതൽ 2020 വരെ ലേബർ പാർട്ടിയുടെ നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന കോർബിൻ പലപ്പോഴും ഇന്ത്യവിരുദ്ധ നിലപാടുകൾ പ്രകടിപ്പിച്ചിട്ടുണ്ട്.
ബി.ജെ.പി നേതാവും നിയമ മന്ത്രിയുമായ കിരൺ റിജിജു ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് രാഹുലിനെ കടന്നാക്രമിച്ചു. ഒരാൾക്ക് സ്വന്തം രാജ്യത്തിനെതിരെ എത്രകാലം മുന്നോട്ട് പോകാനാകുമെന്ന് ചോദിച്ചായിരുന്നു ട്വീറ്റ്.
രാഹുൽ ഗാന്ധി ജെറമി കോർബിനുമായി ലണ്ടനിൽ എന്താണ് ചെയ്യുന്നതെന്നും ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ നിലപാടുകൾക്ക് കുപ്രസിദ്ധനായ കോർബിൻ കശ്മീരിനെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്തണമെന്ന് പരസ്യമായി വാദിക്കുന്നയാളാണെന്നും മറ്റൊരു ബി.ജെ.പി നേതാവ് കപിൽ മിശ്രയും പ്രതികരിച്ചു.
എന്നാൽ, കോർബിനൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ച് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല തിരിച്ചടിച്ചു.
രാഷ്ട്രീയ നേതാക്കൾ ഭിന്ന വീക്ഷണമുള്ള മറ്റു നേതാക്കളെ മുമ്പും കണ്ടിട്ടുണ്ടെന്നും ഭാവിയിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി അദ്ദേഹത്തെ കണ്ടതിനർഥം കോർബിന്റെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് അംഗീകരിച്ചുവെന്നാണോയെന്നും അദ്ദേഹം ചോദിച്ചു. സാമ്പത്തിക തട്ടിപ്പുകാരായ നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുമായി പ്രധാനമന്ത്രി മോദി നടത്തിയ പരസ്യ ഇടപെടലുകളുടെ ഉദാഹരണങ്ങളും പങ്കുവെച്ച അദ്ദേഹം മോദി അവരെ അംഗീകരിച്ചിട്ടുണ്ടോ എന്നും ചോദിച്ചു.
ചൈന നമ്മുടെ പ്രദേശം കൈയടക്കിയപ്പോൾ പ്രധാനമന്ത്രി എന്തിനാണ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കാണുന്നത്? പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിനെ കാണാൻ പ്രധാനമന്ത്രി എന്തിനാണ് അങ്ങോട്ട് പോയത്? ഞങ്ങളിൽ നിന്ന് വ്യത്യസ്‌തമായ വീക്ഷണങ്ങളുള്ള ആരെയും ഒരിക്കലും കണ്ടുമുട്ടില്ലെന്ന് സർക്കാർ ഉറപ്പുനൽകുമോയെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.