കൊല്‍ക്കത്ത: സംഘര്‍ഷഭരിതമായ പശ്ചിമബംഗാളിലെ സന്ദേശ്ഖാലി സന്ദര്‍ശിക്കുന്നതില്‍ നിന്നും മന്ത്രിമാരുള്‍പ്പെടെയുള്ള കേന്ദ്രസംഘത്തെ വിലക്കി പൊലീസ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനും സംഘവും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്ത്രീകള്‍ നല്‍കിയ പരാതി പരിശോധിക്കുന്നതിനായി നിയോഗിച്ച കമ്മിറ്റി അംഗങ്ങളെയാണ് രാംപൂര്‍ പൊലീസ് വിലക്കിയത്.
ബി.ജെ.പി നിയമസാഭാഗം അഗ്‌നിമിത്ര പാലിന്റെ അകമ്പടിയോടെ വെള്ളിയാഴ്ച രാവിലെയാണ് സംഘം സന്ദേശ്ഖാലിയിലേക്ക് പുറപ്പെട്ടത്. പ്രദേശത്തിന് കിലോമീറ്ററുകള്‍ മുമ്പുള്ള രാംപൂരില്‍ വെച്ച് ഇവരെ പൊലീസ് തടയുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇരു സംഘങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. അഞ്ച് പേര്‍ മാത്രമേ സന്ദേശ്ഖാലിയില്‍ പ്രവേശിക്കുകയുള്ളൂവെന്ന കേന്ദ്ര സംഘത്തിന്റെ ആവശ്യവും പൊലീസ് തള്ളി. ഇതോടെ ഇവര്‍ തെരുവില്‍ കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. തങ്ങളെത്തിയാല്‍ പീഡനത്തെ കുറിച്ചും നേതാവിനെതിരെയുമുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന ഭയമാണ് സര്‍ക്കാരിനെന്നും സംഘം ആരോപിച്ചു. തങ്ങളെ തടയുന്നതിലൂടെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉദ്ദേശ്യം വ്യക്തമാണ്. അവര്‍ക്ക് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തികരെ സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും മമത പശ്ചിമബംഗാളിന് നാണക്കേടാണെന്നും സംഘം പറഞ്ഞു.
കേന്ദ്ര മന്ത്രി അന്നപൂര്‍ണദേവിയാണ് സമിതിയുടെ കണ്‍വീനര്‍. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്, എം.പി സുനിത ദുഗ്ഗല്‍, എം.പി കവിതാ പാട്ടീദാര്‍, എം.പി സംഗീത യാദവ്, യു.പി മുന്‍ പൊലീസ് ഡയറക്ടര്‍ ജനറളും രാജ്യസഭാ എം.പിയുമായ ബ്രിജ് ലാല്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
വ്യാഴാഴ്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സമാനമായി പൊലീസ് തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.