ബംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാൻ ബി.ജെ.പി ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാരെ ഭീഷണിപ്പെടുത്തി വശത്താക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ശക്തിസിൻഹ് ഗോഹിൽ. ബി.ജെ.പി 22 എം.എൽ.എമാരെ മറുകണ്ടംചാടിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി 1500 കോടിരൂപയാണ് വാഗ്ദാനം ചെയ്യുന്നത്. പണം വാങ്ങി കൂറുമാറുന്നതിന് തയാറാകാത്തതിനാൽ തങ്ങളുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ശക്തിസിൻഹ് ഗോഹിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുതിർന്ന നേതാവ് ശങ്കർസിങ് വഗേലയടക്കം ആറു എം.എൽ.എമാർ കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പി പാളയത്തിലേക്ക് പോയതോടെ 44 എം.എൽ.എമാരെ ബംഗളൂരുവിലെ റിസോർട്ടിൽപാർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്.
രാജ്യസഭയിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഹമ്മദ് പേട്ടലിെൻറ വിജയമുറപ്പിക്കാൻ 45 വോട്ട് മതി. ജൂലൈ 25 ന് ഗുജറാത്തിൽ ചേർന്ന എം.എൽ.എമാരുടെ യോഗത്തിൽ 53 പേർ പിന്തുണ അറിയിച്ചിരുന്നു. ബി.ജെ.പിയിലേക്ക് കൂറുമാറിയ ആറുപേർ അവരുടെ തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷ. കാര്യസാധ്യത്തിനായി എളുപ്പവഴികൾ തേടുന്നവരോട് വിശ്വസ്തത കാണിക്കരുതെന്നാണ് ആളുകളോട് പറയാനുള്ളതെന്നും ഗോഹിൽ പറഞ്ഞു.
ഗുജറാത്തിൽ ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയമാണ് നടക്കുന്നത്. എം.എൽ.എമാരെ തകർക്കുന്നതിനായി സി.ബി.െഎ, എൻഫോഴ്സ്മെൻറ് തുടങ്ങിയ അധികാര കേന്ദ്രങ്ങളെ ബി.ജെ.പി ഉപയോഗിക്കുന്നു. കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനമാണ് കർണാടക എന്നതിലാണ് ഗുജറാത്തിൽ നിന്നും എം.എൽ.എമാരെ ബംഗളൂരുവിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിയിൽ വഴങ്ങാൻ ആരും തയാറല്ല. ഇൗ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമാകുമെന്നും ജനപ്രതിനിധികൾ അവരുടെ സ്വന്തം മണ്ഡലങ്ങളിലേക്ക് ഉടൻ തിരിച്ചു പോകുമെന്നും ഗോഹിൽ വ്യക്തമാക്കി.
കർണാടക ഉൗർജമന്ത്രി ഡി.കെ. ശിവകുമാറിെൻറ ഉടമസ്ഥതയിലുള്ള മൈസൂരു റോഡിലെ ബിഡദിയിലെ ഇൗഗ്ൾടൺ ഗോൾഫ് റിസോർട്ടിലാണ് എം.എൽ.എമാരുടെ വാസം. ഇൗ റിസോർട്ടിന് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. ആഡംബര റിസോർട്ടിൽ 35 ഡീലക്സ് മുറികളാണ് ഇവർക്കായി ബുക്ക് ചെയ്തിരിക്കുന്നത്. ഒരു മുറിക്ക് 10,000 രൂപ ദിവസവാടക വരുന്ന റിസോർട്ടിൽ താമസം, ഭക്ഷണം എന്നിവക്കായി ദിവസവും ഏകദേശം അഞ്ചുലക്ഷം രൂപയാണ് എം.എൽ.എമാരെ സംരക്ഷിക്കുന്നതിനായി കോൺഗ്രസ് ചെലവിടുന്നത്.
ആഗസ്റ്റ് എട്ടിനാണ് ഗുജറാത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. നിലവിൽ രാജ്യസഭാംഗമായ മുതിർന്ന കോൺഗ്രസ് നേതാവ് അഹ്മദ് പേട്ടലിെൻറ വിജയം തടയാൻ ബി.ജെ.പി തരംതാണ രാഷ്ട്രീയക്കളികൾ നടത്തുന്നുവെന്നത് ചൂണ്ടിക്കാട്ടിയാണ് എം.എൽ.എമാരെ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.