മഹുവ മൊയ്ത്ര 

രാജതന്ത്രത്തിന് ലോകതന്ത്രത്തിലൂടെ മറുപടി; 63 ബി.ജെ.പി അംഗങ്ങളെ ജനം നിശ്ശബ്ദരാക്കി -പരിഹസിച്ച് മഹുവ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞതിനെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. കഴിഞ്ഞ ഭരണ കാലത്ത് തന്നെ നിശ്ശബ്ദയാക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക് ഇത്തവണ ജനം സീറ്റുകള്‍ കുറച്ചുനല്‍കി. അതിലൂടെ ബി.ജെ.പി നിശ്ശബ്ദരാകുന്നു. ബി.ജെ.പിയുടെ 63 അംഗങ്ങളെ ജനം പൂര്‍ണമായും നിശ്ശബ്ദരാക്കിയെന്നും മഹുവ പറഞ്ഞു.

'അവസാനമായി ഇവിടെ നിന്ന സമയത്ത് എനിക്ക് സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു എം.പിയെ നിശ്ശബ്ദയാക്കാന്‍ ശ്രമിച്ച ഭരണകക്ഷിക്ക് അതിന് വലിയ വില നല്‍കേണ്ടിവന്നു. ബി.ജെ.പിയുടെ 63 അംഗങ്ങളെ ജനം പൂര്‍ണമായും നിശ്ശബ്ദരാക്കി. ബി.ജെ.പിയുടെ രാജതന്ത്രത്തിന് ലോകതന്ത്രത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നു. ഈ സര്‍ക്കാറിന് സ്ഥിരതയുണ്ടാകില്ല. പലതവണ മറുകണ്ടം ചാടിയവര്‍ക്കൊപ്പമാണ് ബി.ജെ.പി സഖ്യം ചേര്‍ന്നത്. ഇത്തവണ പ്രതിപക്ഷം കൂടുതല്‍ ശക്തമാണ്. കഴിഞ്ഞ തവണത്തേതു പോലെ ഞങ്ങളോട് പെരുമാറാന്‍ നിങ്ങള്‍ക്കാകില്ല' -മഹുവ പറഞ്ഞു.

ചോദ്യത്തിന് കോഴ ആരോപണത്തിനു പിന്നാലെ നടന്ന അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ലോകസഭയില്‍നിന്ന് മഹുവയെ പുറത്താക്കിയിരുന്നു. മോദി സര്‍ക്കാറിനെതിരെ ചോദ്യങ്ങളുന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്നു 'കൈക്കൂലി' സ്വീകരിച്ചെന്നാണു മഹുവയ്‌ക്കെതിരായ ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെയാണു പാര്‍ലമെന്റില്‍ മഹുവയ്ക്കെതിരെ രംഗത്തുവന്നത്. ഇതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മഹുവയ്ക്കെതിരെ നടപടി വേണമെന്നും ദുബെ ആവശ്യപ്പെട്ടു.

ഇതോടെ വിഷയം പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ മുന്നിലെത്തുകയും പിന്നീട് ഐ.ടി മന്ത്രാലയം വിശദ പരിശോധന നടത്തുകയും ചെയ്തു. മഹുവയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐ.ഡി പലയിടങ്ങളില്‍നിന്നും ഉപയോഗിച്ചതായി ഐ.ടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മഹുവ കൊല്‍ക്കത്തയിലായിരുന്ന ദിവസം യു.എസിലെ ന്യൂജഴ്സി, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് പാര്‍ലമെന്റ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതായും വിവരമുണ്ട്. മഹുവക്കെതിരെ സി.ബി.ഐ അന്വേഷണവും നടക്കുന്നുണ്ട്.

Tags:    
News Summary - 'BJP wanted to silence me, public silenced them': Mahua Moitra takes a sharp dig at Modi-led govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.