ഹാഥറസ് ദുരന്തം: നമ്മൾ എന്നാണ് അന്ധവിശ്വാസങ്ങളിൽ നിന്ന് മുക്തരാകുക? -എം.വി. ജയരാജൻ

കണ്ണൂർ: ഉത്തർപ്രദേശിലെ ഹാഥറസിൽ ആൾ​ദൈവം സംഘടിപ്പിച്ച പ്രാർഥനാ സംഗമത്തിൽ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവത്തിൽ അന്ധവിശ്വാസത്തിനെതിരെ പ്രതികരണവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. എന്തിനാണ് ജനങ്ങൾ ഇത്തരം ആൾദൈവങ്ങളിൽ അഭയം പ്രാപിക്കുന്നതന്നും എന്നാണ് നമ്മൾ ഇതിൽനിന്ന് മുക്തരാകുകയെന്നും അദ്ദേഹം ചോദിച്ചു.

‘തന്റെ പ്രഭാഷണം കേൾക്കാൻ ഒത്തുകൂടിയ വിശ്വാസികളെ രക്ഷിക്കാൻ നാരായണൻ ഹരിയെന്ന ആൾ ദൈവത്തിന് കഴിയില്ല. ഇത്തരം ആളുകളെ ദൈവതുല്ല്യമായി കാണുകയും അവരുടെ ‘ആശ്രമ’ങ്ങളെ ക്ഷേത്രം പോലെ കണക്കാക്കുകയും ചെയ്യുന്ന വിശ്വാസി സമൂഹം വസ്തുതകൾ തിരിച്ചറിയാത്തതെന്തുകൊണ്ടാണ്? ദുരന്തശേഷം ഭോലെ ബാബ മുങ്ങിയെന്നാണ് റിപ്പോർട്ട്. നിരവധി പ്രസിദ്ധമായ ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമുള്ള നാടാണ് യു.പി. അവിടെ വിശ്വാസികൾക്ക് ആരാധന നടത്താൻ സൗകര്യവുമുണ്ട്. പിന്നെ എന്തിനാണ് ഇത്തരം ആൾദൈവങ്ങളിൽ ജനങ്ങൾ അഭയം പ്രാപിക്കുന്നത്?’ -ജയരാജൻ ചോദിച്ചു.

കോവിഡ് കാലത്ത് ഓക്‌സിജൻ പോലും കിട്ടാതെ മരിച്ചവർ യുപിയിൽ നിരവധിയായിരുന്നു. അന്ന് നമുക്ക് ബോധ്യമായതാണ് യു.പി.യിലെ ആശുപത്രികളിലെ അസൗകര്യമെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂർണരൂപം

116പേരുടെ മരണത്തിനും 200പേരുടെ പരിക്കിനും ഇടയായ യുപിയിലെ ദുരന്തം നമ്മെ ഏറെ വേദനിപ്പിച്ചു. ഭോലെ ബാബ എന്ന ആൾദൈവത്തിന്റെ പ്രഭാഷണം കേൾക്കാൻ പോയവരാണ് തിരക്കിലും പെട്ടു മരണപ്പെട്ടത്. തന്റെ പ്രഭാഷണം കേൾക്കാൻ യുപിയിലെ ഹഥ്‌റാസിൽ ഒത്തുകൂടിയ വിശ്വാസികളെ രക്ഷിക്കാൻ നാരായണൻ ഹരിയെന്ന ആൾ ദൈവത്തിന് കഴിയില്ല. ഇത്തരം ആളുകളെ ദൈവതുല്ല്യമായി കാണുകയും അവരുടെ ‘ആശ്രമ’ങ്ങളെ ക്ഷേത്രം പോലെ കണക്കാക്കുകയും ചെയ്യുന്ന വിശ്വാസി സമൂഹം വസ്തുതകൾ തിരിച്ചറിയാത്തതെന്തുകൊണ്ടാണ്?

ഇരുപതിനായിരത്തോളം പേർ ഒത്തുകൂടി എന്നാണ് റിപ്പോർട്ട്. ഇത്രയും പേർക്കുള്ള സൗകര്യം ആൾദൈവമോ സംഘാടകരോ ഒരുക്കിയില്ല. സുരക്ഷ ക്രമീകരണങ്ങൾ പോലീസും ഒരുക്കിയില്ല. ദുരന്തശേഷം ഭോലെ ബാബ മുങ്ങിയെന്നാണ് റിപ്പോർട്ട്. കോവിഡ് കാലത്ത് ഓക്‌സിജൻ പോലും കിട്ടാതെ പ്രാണവായു ലഭിക്കാതെ മരിച്ചവർ യുപിയിൽ നിരവധിയായിരുന്നു. അന്ന് നമുക്ക് ബോധ്യമായതാണ് യു.പി.യിലെ ആശുപത്രികളിലെ അസൗകര്യം.

നിരവധി പ്രസിദ്ധമായ ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമുള്ള നാടാണ് യു.പി. അവിടെ വിശ്വാസികൾക്ക് ആരാധന നടത്താൻ സൗകര്യവുമുണ്ട്. പിന്നെ എന്തിനാണ് ഇത്തരം ആൾദൈവങ്ങളിൽ ജനങ്ങൾ അഭയം പ്രാപിക്കുന്നത്?

എം.വി. ജയരാജൻ

Tags:    
News Summary - Hathras stampede: when we free from superstitions? - M.V. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.