ബീഹാറിൽ വീണ്ടും പാലം തകർന്നു; 15 ദിവസത്തിനിടെ തകരുന്ന ഏഴാമത്തെ പാലം

പട്ന: ബീഹാറിൽ നിർമാണത്തിലുള്ള മറ്റൊരു പാലം കൂടി തകർന്നു. സിവാൻ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. സംസ്ഥാനത്ത് 15 ദിവസത്തിനിടെ തകരുന്ന ഏഴാമത്തെ പാലമാണിത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ സിവാനിൽ പാലം തകരുന്ന രണ്ടാമത്തെ സംഭവമാണിത്.

കൃത്യമായ കാരണം അന്വേഷിച്ചുവരികയാണെന്ന് ഡെവലപ്‌മെൻ്റ് കമ്മീഷണർ മുകേഷ് കുമാർ പറഞ്ഞു.പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. 1982-83 ലാണ് പാലം നിർമ്മിച്ചത്. കഴിഞ്ഞ ദിവസങ്ങളായി പാലത്തിൻ്റെ അറ്റകുറ്റപ്പണികൾ നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് തകർച്ചക്ക് കാരണമായത്. കൂടാതെ ഗണ്ഡകി നദിയിലെ ഒഴുക്ക് പാലത്തിൻ്റെ ഘടനയെ ദുർബലപ്പെടുത്തുത്തിൽ പ്രദേശവാസികൾ ആശങ്കാകുലരാണ്.

വ്യാഴാഴ്ച കൃഷ്ണഗഞ്ച് ജില്ലയിൽ മറ്റൊരു പാലം തകർന്നിരുന്നു. ജൂൺ 23ന് ഈസ്റ്റ് ചമ്പാരൻ ജില്ലയിലും നിർമാണത്തിലുള്ള ഒരു പാലം തകർന്നു. ജൂൺ 22ന് സിവാനിൽ ഗന്ധക് കനാലിന് കുറുകെ നിർമിച്ച മറ്റൊരു പാലവും തകർന്നു. ജൂൺ 19ന് അരാരിയയിൽ ബക്ര നദിക്ക് കുറുകെ കോടികൾ ചെലവിട്ട് നിർമിച്ച കൂറ്റൻ പാലം തകർന്നിരുന്നു. പാലങ്ങൾ തകരുന്ന സംഭവത്തിൽ നിതീഷ് കുമാർ സർക്കാറിനെതിരെ വ്യാപക വിമർശനമുയരുകയാണ്.

കഴിഞ്ഞ 15 ദിവസത്തിനിടെയുണ്ടായ ഏഴ് സംഭവങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളം അടുത്തിടെ സംഭവിച്ച പാലം തകർച്ചകളെ കുറിച്ച് അന്വേഷിക്കാൻ ബീഹാർ സർക്കാർ ഉന്നതതല സമിതി രൂപികരിച്ചിട്ടുണ്ട്. തകർന്ന പാലങ്ങളിൽ ഭൂരിഭാഗവും സംസ്ഥാന റൂറൽ വർക്ക് ഡിപ്പാർട്ട്‌മെന്‍റ് (ആർ.ഡബ്ല്യു.ഡി) നിർമിച്ചതോ നിർമിക്കുന്നതോ ആണ്.

പാലത്തിന്‍റെ അടിത്തറയിലും ഘടനയിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉൾപ്പെടെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സമിതി തകർച്ചക്ക് പിന്നിലെ കാരണങ്ങൾ വിശകലനം ചെയ്യുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ ശുപാർശ ചെയ്യുമെന്നും ആർ.ഡബ്ല്യു.ഡി മന്ത്രി അശോക് ചൗധരി പറഞ്ഞു.

Tags:    
News Summary - Another bridge collapses in Bihar, seventh incident in 15 days Let's find out the exact reason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.