ബംഗളൂരു: ബി.ജെ.പിയുടെ നേതൃത്വത്തിലുളള എൻ.ഡി.എ മുന്നണി 220 സീറ്റിൽ കൂടുതൽ നേടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 400 സീറ്റ് എന്ന ലക്ഷ്യം മുൻനിർത്തി എൻ.ഡി.എ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ പ്രസ്താവന. കർണാടകയിലെ പകുതി മണ്ഡലങ്ങളിൽ മറ്റന്നാൾ വോട്ടെടുപ്പ് നടക്കുകയാണ്. ഇതിനിടെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അതിനാൽ അവർക്ക് 220 സീറ്റിൽ കൂടുതൽ കിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ പ്രധാനമന്ത്രിയുടെ പ്രതിഛായ നഷ്ടപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് മോദി തരംഗമുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല. കർണാടകയിൽ എന്തായാലും മോദി തരംഗമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
വൈകാരികമായ വിഷയങ്ങൾ ഉയർത്തിയാണ് കർണാടകയിൽ ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത്. ഇക്കുറി അതുണ്ടാവില്ല. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസിന് മികച്ച വിജയം ഉണ്ടാവുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് ഇൻഡ്യ സഖ്യത്തിന് തിരിച്ചടിയുണ്ടാക്കില്ല. കോൺഗ്രസ് പാർട്ടി കർണാടകയിൽ അഞ്ച് വർഷവും ഭരണത്തിലുണ്ടാവും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും കർണാടകയിൽ കോൺഗ്രസ് തന്നെ വിജയിക്കും. മോദിയുടേയും എച്ച്.ഡി ദേവഗൗഡയുടേതും അവിശുദ്ധമായ കൂട്ടുകെട്ടാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.