അഗർതല: ത്രിപുരയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് വൻജയം. 85 ശതമാനം സീറ്റുകളിൽ ബി.ജെ.പി എതിരില്ലാതെ വിജയിച്ചു. ആകെയുള്ള 6111 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും ബി.ജെ.പി സ്ഥാനാർഥികളെ നിർത്തിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറ കണക്കനുസരിച്ച് ഇതുവരെ 5278 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചിട്ടുണ്ട്.
6111 ഗ്രാമ പഞ്ചായത്ത് സീറ്റുകളിൽ പ്രതിപക്ഷ പാർട്ടികളായ സി.പി.എമ്മിനും കോൺഗ്രസ് സ്ഥാനാർഥികൾക്കും യഥാക്രമം നാലു ശതമാനം, 10 ശതമാനം സീറ്റുകളാണ് ലഭിച്ചത്. ധലൈ ജില്ലയിൽ 393 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ മൂന്നെണ്ണത്തിൽ മാത്രമായിരുന്നു മത്സരം. ബാക്കിയുള്ളവ എതിരില്ലാതെ ബി.ജെ.പി നേടി. എല്ലാ പഞ്ചായത്ത് സമിതി (ബ്ലോക്ക് പഞ്ചായത്ത്), ജില്ല പരിഷത്ത് (പഞ്ചയാത്ത്) സീറ്റുകളും ഇവിടെ എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
പ്രതിപക്ഷ പാർട്ടി സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിക്കുന്നതിൽനിന്ന് ബി.ജെപി ഗുണ്ടകൾ തടഞ്ഞുവെന്ന് സി.പി.എം ആരോപിച്ചു. ബി.ജെ.പി ഗുണ്ടകളിൽനിന്നുള്ള ഭീഷണിയെത്തുടർന്ന് 121 സി.പി.എം നോമിനികൾ നാമനിർദേശപത്രിക പിൻവലിക്കാൻ നിർബന്ധിതരായെന്ന് പാർട്ടി നേതാക്കൾ ആരോപിച്ചു. ബി.ജെ.പിയുടെ ഏകാധിപത്യ നടപടിക്കെതിരെ കോൺഗ്രസും രംഗത്തുവന്നു.
അതേസമയം, പ്രതിപക്ഷ ആരോപണങ്ങൾ ബി.ജെ.പി തള്ളി. തങ്ങൾ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളൊന്നും നടന്നിട്ടില്ലെന്ന് പാർട്ടിയുടെ ത്രിപുര യൂനിറ്റ് വക്താവ് അശോക് സിൻഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.