ശ്രീനഗര്‍: കശ്മീര്‍ ജില്ല വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല. തങ്ങളുടെ പാര്‍ട്ടിയില്‍നിന്ന് വിജയിച്ചവരെ ഭരണസ്വാധീനം ഉപയോഗപ്പെടുത്തി വലയിലാക്കാന്‍ ബി.ജെ.പിയും പുതുതായി രൂപവത്കരിച്ച അപ്നി പാര്‍ട്ടിയും ശ്രമിക്കുകയാണെന്ന് ശ്രീനഗറിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ നയിക്കുന്ന ഭരണകൂടം ഇതിനായി പൊലീസിനെ ഉപയോഗിക്കുന്നതായും ഉമർ അബ്ദുല്ല കുറ്റപ്പെടുത്തി.
വിജയിച്ച സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ബി.ജെ.പിയുടെ ബി ടീമായ അപ്നി പാർട്ടിയിൽ ചേരാൻ നിർബന്ധം ചെലുത്തുകയുമാണ്. തടങ്കലിൽ കഴിയുന്ന ബന്ധുവിനെ മോചിപ്പിക്കാമെന്ന വാഗ്ദാനം നൽകി ഒരാളെ പാർട്ടിയിൽ ചേർത്തുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ പാർട്ടിയുടെ രണ്ടു മുതിർന്ന നേതാക്കളെ തടവിലാക്കിയതായും അദ്ദേഹം പറഞ്ഞു.
ജില്ല വികസന കൗൺസിൽ തെരഞ്ഞെടുപ്പിൽ പീപ്ൾ അലയൻസ് ഓഫ് ഗുപ്കർ ഡിക്ലറേഷൻ (പി.എ.ജി.ഡി) എന്ന പേരിൽ ഉണ്ടാക്കിയ സഖ്യത്തിെൻറ ഭാഗമായാണ് നാഷനൽ കോൺഫറൻസ് മത്സരിച്ചത്. ഏഴു പാർട്ടികൾ ചേർന്ന പി.എ.ജി.ഡി തെരഞ്ഞെടുപ്പിൽ വൻ വിജയം കരസ്ഥമാക്കി. ജമ്മു മേഖലയിലെ നല്ലൊരു ശതമാനം സീറ്റുകളും ഇവർ നേടി. സഖ്യത്തിെൻറ ജയം സൂചിപ്പിക്കുന്നത് 2019 ആഗസ്റ്റ് അഞ്ചിന് ആർട്ടിക്ക്ൾ 370 എടുത്തുകളഞ്ഞ കേന്ദ്ര തീരുമാനം ജമ്മു-കശ്മീരിലെ ഭൂരിഭാഗം ജനങ്ങളും അംഗീകരിച്ചിട്ടില്ല എന്നതാണെന്നും ഉമർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.