ജെ.ഡി.യുവിനെ തളർത്തി ബിഹാറിൽ ബി.ജെ.പിയുടെ​ വളർച്ച

ലിയൊരു തിടുക്കത്തിലാണ്​ ഭാരതീയ ജനതാ പാർട്ടി. അടിത്തറ കൂടുതൽ വികസിപ്പിക്കുകയെന്ന തന്ത്രപരമായ നീക്കങ്ങളിലേക്കുള്ള ധിറുതിയാണവർക്ക്​. അതിനുമുന്നിൽ വഴിമുടക്കികളായുള്ളത്​ കൂട്ടുകാരാണെങ്കിലും അവരെയും മറികടന്ന്​ മുന്നോട്ടു​ പോകാൻ പാർട്ടി ശ്രമിച്ചുകൊണ്ടേയിരിക്കും.

ബിഹാറിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്​ അതാണ്​. മുഖ്യമന്ത്രി സ്​ഥാനാർഥിയായാണ്​ ജനവിധി തേടിയതെങ്കിലു​ം സ്വന്തം മുന്നണി അധികാരത്തിലെത്തിയാൽ ബി.​െജ.പി മുഖ്യമന്ത്രിക്കുവേണ്ടി നിതീഷ്​ കുമാറിന് വഴിമാറിക്കൊടുക്കേണ്ടി വന്നേക്കും. ജനതാദൾ യുനൈറ്റഡിനെ അത്രയും അരിശത്തോടെ നേരിട്ട ചിരാഗ്​ പാസ്വാൻ, നിതീഷിന്​ ​തിരിച്ചടി നൽകുന്നതോടൊപ്പം ബി.ജെ.പിക്ക്​ എണ്ണത്തിൽ മുൻതൂക്കം നേടാനും സഹായിക്കുകയായിരുന്നു. ഈ ഉപകാരത്തിന്​ പകരമായി അന്തരിച്ച പിതാവ്​ രാംവിലാസ്​ പാസ്വാൻ കൈയാളിയിരുന്ന കേന്ദ്രമന്ത്രി സ്​ഥാനം ചിരാഗിന്​ നൽകാനും ബി.​െജ.പി തയാറായിക്കൂടെന്നില്ല. പ്രചാരണയോഗങ്ങളിൽ ചിരാഗിനെതിരെ പ്രസ്​താവനകളൊന്നും നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകാതിരുന്നത്​ ഇതോടൊപ്പം കൂട്ടിവായിക്കാം.



ഹിന്ദി ഹൃദയഭൂമിയിൽ കൂടുതൽ കരുത്തോടെ നിലയുറപ്പിക്കാൻ വെമ്പുന്ന ബി.ജെ.പി,​ ബിഹാറിൽ അപ്രമാദിത്വം ഏറെ നാളായി ആഗ്രഹിച്ചുവരുന്നതാണ്​. ആർ.ജെ.ഡിയും ജെ.ഡി (യു)വുമൊക്കെ വാഴുന്ന സംസ്​ഥാന രാഷ്​ട്രീയത്തിൽ രണ്ടാം സ്​ഥാനത്തൊതുങ്ങു​ന്ന പതിവു പരിഭവങ്ങൾക്ക്​ തന്ത്രപരമായി പര്യവസാനം കുറിക്കാനുള്ള ​​ശ്രമങ്ങൾ കുറിക്കുകൊള്ളു​ന്നുവെന്നതാണ്​ ഈ തെര​ഞ്ഞെടുപ്പ്​ മുന്നോട്ടുവെക്കുന്ന വലിയ കാഴ്​ചകളിലൊന്ന്​. സീറ്റ്​ കുറഞ്ഞ്​ മുന്നണിയിൽ രണ്ടാമതായതോടെ നിതീഷ്​ കുമാറി​െൻറ രാഷ്​ട്രീയ കരുനീക്കങ്ങൾക്ക്​ തിരിച്ചടി ലഭിച്ച സാഹചര്യത്തിൽ ആ ഒഴിവിലേക്ക്​ കയറിയെത്താനുള്ള കരുനീക്കങ്ങളാവും ഇനി ഒന്നാം സ്​ഥാനക്കാരായ ബിജെ.പിയുടേത്​.

അതിനുള്ള കളികൾ ബി.ജെ.പി നേരത്തേ തുടങ്ങിയിരുന്നു. നിതീഷി​െൻറ ഡ്രീം പ്രൊജക്​ടായ ശുദ്ധജല വിതരണ പദ്ധതിയുടെ കരാറുകാർക്കെതിരെ അഴിമതിയാരോപണവുമായി ആദായ നികുതി വകുപ്പ്​ റെയ്​ഡ്​ നടത്തിയത്​ തെരഞ്ഞെടുപ്പിനി​െടയായിരുന്നു. നിതീഷിനെതിരെ പ്രചാരണത്തിൽ അഴിമതിയാരോപണം ശക്​തമാക്കിയ ചിരാഗി​െൻറ വാദങ്ങൾക്ക്​ ബലം പകരുന്നതായിരുന്നു ആ നീക്കം. ഈ 'ചതി' ജെ.ഡി (യു)വിനെ ചൊടിപ്പിച്ചിരുന്നു. എന്നാൽ, ജെ.ഡി.യുവിനെതിരെ ബി.ജെ.പിയുടെ 'ആയുധ'മായിരുന്നു ചിരാഗ്​ എന്നുവേണം കരുതാൻ. തെരഞ്ഞെടുപ്പിൽ ബി.ജെ.പി തങ്ങളെ പിന്നിൽനിന്ന്​ കുത്തിയേക്കുമെന്ന ആശങ്കയും ജെ.ഡി.യു നേതാക്കൾക്കുണ്ടായിരുന്നു.


ചിരാഗ്​ പാസ്വാൻ

ഈ തെരഞ്ഞെടുപ്പിൽ ആശിച്ച ഫലത്തിലേക്ക്​ എത്താൻ കഴിയാതിരുന്നാൽ പോലും ബി.ജെ.പിക്ക്​ സന്തോഷമേ ഉണ്ടാകുമായിരുന്നുള്ളൂ. കാരണം, അവർ ലക്ഷ്യമിട്ട മറ്റു ചിലത്​ അണിയറയിൽ വലിയ വിജയമായി ഇതിനകം പരിണമിച്ചുകഴിഞ്ഞിട്ടുണ്ട്​. 69കാരനായ നിതീഷ്​ കുമാർ, ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്​ പ്രചാരണത്തിനിടെ ​പ്രഖ്യാപിച്ചിരുന്നു. ജനതാദൾ (യു)വിലാക​ട്ടെ, ക്രൗഡ്​ പുള്ളറായ മറ്റൊരു നേതാവില്ല താനും. പിന്നാക്കക്കാരും പാസ്വാൻമാരല്ലാത്ത ദലിതുകളുമാണ്​ നിതീഷി​െൻറ വോട്ടുബാങ്ക്​. ആ വോട്ടുബാങ്കിൽ കയറിക്കൂടിയെന്നതാണ്​ ഈ തെരഞ്ഞെടുപ്പ്​ ബി.ജെ.പിക്ക് നൽകുന്ന വലിയ നേട്ടം. ഈ വിഭാഗങ്ങൾ നിതീഷിൽനിന്നകന്ന്​ ​േമാദിയോട്​ താൽപര്യം കാട്ടുന്നതി​െൻറ സൂചനകളാണ്​ അവരെ ആഹ്ലാദിപ്പിക്കുന്നത്​.

ഘടകകക്ഷികളുടെ താങ്ങിൽനിന്ന്​ 'മുക്​ത'മായി ഒറ്റക്ക്​ രാജ്യം ഭരിക്കാൻ വെമ്പൽ കൊള്ളുന്ന ബി.ജെ.പിയുമായി ജെ.ഡി.യു എത്രകാലം ഒന്നിച്ചുപോകുമെന്ന്​ കാത്തിരുന്നുതന്നെ കാണണം. നേരത്തേ, ശിവസേനയും ഈയിടെ ശിരോമണി അകാലിദളും എൻ.ഡി.എ വിട്ടത്​ ഈ താൻപ്രമാണിത്തം സഹിക്കാൻ കഴിയാത്തതുകൊണ്ടായിരുന്നു. തമിഴ്​നാട്ടിൽ എൻ.ഡി.എ മുന്നണിയിലുള്ള എ.ഐ.എ.ഡി.എം.കെ കഴിഞ്ഞയാഴ്​ച ബി.ജെ.പിയുടെ ചില നിലപാടുകളിൽ പരസ്യമായി അതൃപ്​തി പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ സ്​ഥാപക നേതാവായ എം.ജിആറി​െൻറ ചിത്രം ബി.ജെ.പി പ്രചാരണത്തിന്​ ഉപയോഗിക്കുന്നതും എ.ഐ.എ.ഡി.എം.കെയിൽ നീരസമുളവാക്കിയിട്ടുണ്ട്​.

നരേന്ദ്ര മോദിയുടെ വ്യക്​തിപരിവേഷം ഉയർത്തിക്കാട്ടി എല്ലാ സംസ്​ഥാനങ്ങളിലും തങ്ങൾക്ക്​ ​േവരുകളുണ്ടാക്കുകയും സഖ്യകക്ഷികളെന്ന ബാധ്യത ഒഴിവാക്കുകയുമാണ്​ ബി.ജെ.പി ഉന്നമിടുന്നതെന്ന്​ വ്യക്​തം. 2014നും 2019നുമിടക്ക്​ 15 രാഷ്​ട്രീയ പാർട്ടികളാണ്​ എൻ.ഡി.എ വിട്ടത്​. 2019ൽ മോദി വീണ്ടും അധികാരത്തിലെത്തിയശേഷം മൂന്നു പാർട്ടികൾ മുന്നണിക്ക്​ പുറത്തേക്ക്​ പോയി.



നിയമസഭ തെരഞ്ഞെടുപ്പ്​ ഫലത്തെച്ചൊല്ലി ബി.ജെ.പി വലിയ മനക്കോട്ടകളൊന്നും കെട്ടിയിരുന്നില്ലെന്നതാണ്​ സത്യം. അതുകൊണ്ടാണ്​ നിതീഷിനെ മുഖ്യമന്ത്രി സ്​ഥാനാർഥിയായി പ്രഖ്യാപിക്കാൻ പാർട്ടി തയാറായതും. അവരുടെ മുന്നിലുള്ള ലക്ഷ്യം മൂന്നര വർഷത്തിനുശേഷം നടക്കുന്ന ലോക്​സഭ തെരഞ്ഞെടുപ്പാണ്​. അതിനുമുന്നോടിയായി ബിഹാറി മണ്ണിനെ കാവി പുതപ്പിക്കാനുള്ള ശ്രമങ്ങളാണ്​ മുഖ്യം. മോദിയുടെ പോപ്പുലാരിറ്റി ഉയർത്തിക്കാട്ടി അതിന്​ ചുക്കാൻ പിടിക്കുന്നത്​ അമിത്​ ഷായും​. ആത്യന്തികമായി മുഖ്യമന്ത്രിമാരല്ല, സംഘ്​ പരിവാറിനുവേണ്ടത്​. അതുക്കും മേലേയാണ്​ അവരുടെ കിനാവുകൾ. മോദി വരുന്നതും പ്രചാരണം കൊഴുപ്പിക്കുന്നതും, വിജയം പിടിച്ചെടുക്കുന്നതിനൊപ്പമോ അതിനേക്കാളേറെയോ ത​െൻറ 'പ്രഭാവം' അരക്കിട്ടുറപ്പിക്കാനാണ്​. കാരണം, ഡൽഹിയിലെ കോട്ട സുരക്ഷിതമാക്കാനുള്ള മുന്നൊരുക്കങ്ങളാണ്​ ഇതെല്ലാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.