ബംഗളൂരു: കുടുംബവാഴ്ചയാണെന്ന് ആരോപിച്ച് കോൺഗ്രസിനെതിരെ വാളെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി നേതാക്കളുടെയും വായടപ്പിച്ച് യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് ശ്രീവത്സ. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയ നേതാക്കളുടെ കുടുംബക്കാരായ ബി.ജെ.പി സ്ഥാനാർഥികളുടെ പട്ടിക അക്കമിട്ട് നിരത്തിയാണ് ശ്രീവത്സയുടെ മറുപടി. ബി.ജെ.പി പുറത്തുവിട്ട ആദ്യ പട്ടികയിലെ സ്ഥാനാർഥികളിൽ 20 പേർ കുടുംബവാഴ്ച വഴി സീറ്റുറപ്പിച്ചവരാണെന്ന് അദ്ദേഹം പേരെടുത്ത് പറഞ്ഞു.
‘ബിജെപിയിൽ കുടുംബവാഴ്ചയില്ലെന്നും ‘ഒരു കുടുംബം, ഒരു ടിക്കറ്റ്’ എന്നതാണ് നയമെന്നുമുള്ള പ്രധാനമന്ത്രി മോദിയുടെ അവകാശവാദം പച്ചക്കള്ളമാണ്. ഗോഡി മീഡിയ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിന്റെ പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമാണത്. കർണാടകയിൽ ബിജെപിയുടെ സ്ഥാനാർഥി ലിസ്റ്റ് പ്രധാനമന്ത്രിയുടെ നുണകളും കാപട്യവും തുറന്നുകാട്ടുന്നു!’ എന്ന മുഖക്കുറിപ്പോടെയാണ് ശ്രീവത്സ പട്ടിക പുറത്തുവിട്ടത്. രണ്ടാം പട്ടികയിൽ ഇത്തരത്തിലുള്ള കൂടുതൽ പേർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ബിജെപിയിൽ കുടുംബവാഴ്ചയിലൂടെ മുപ്പതിലധികം സീറ്റുകൾ നൽകുമ്പോൾ മറ്റ് പാർട്ടികൾക്ക് നേരെ വിരൽ ചൂണ്ടാൻ പ്രധാനമന്ത്രിക്ക് എന്ത് ധാർമിക അവകാശമാണുള്ളത്? ബിജെപിയുടെ ഈ നഗ്നമായ കാപട്യത്തെ ഗോഡി മീഡിയ ചോദ്യം ചെയ്യുമോ? പ്രധാനമന്ത്രിയും പി.ആർ ടീമും എത്ര ശ്രമിച്ചാലും ‘40% കമ്മീഷൻ പറ്റുന്ന ബി.ജെ.പി’ തോൽക്കും ഉറപ്പ്!’ ശ്രീവത്സ ട്വീറ്റ് ചെയ്തു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നേതാക്കളുടെ ബന്ധുക്കളുടെ പട്ടിക:
1. മുൻ മുഖ്യമന്ത്രി ബൊമ്മൈയുടെ മകൻ ഇപ്പോൾ മുഖ്യമന്ത്രി.
2. യെദിയൂരപ്പയുടെ ഒരു മകൻ എം.പി, മറ്റൊരു മകന് എം.എൽ.എ ടിക്കറ്റ്.
3. തേജസ്വി സൂര്യ എം.പി, ഇപ്പോൾ അമ്മാവൻ രവി സുബ്രഹ്മണ്യന് എം.എൽ.എ ടിക്കറ്റ്.
4. ബസവ രാജ് എം.പിയുടെ മകൻ ജ്യോതി ഗണേഷിന് എം.എൽ.എ ടിക്കറ്റ്.
5. ജാർക്കോളി സഹോദരന്മാർക്ക് ടിക്കറ്റ്
6. ഉമേഷ് കട്ടിയുടെ മകനും സഹോദരനും എം.എൽ.എ ടിക്കറ്റ്.
7. റെഡ്ഢി സഹോദരന്മാർക്ക് എം.എൽ.എ ടിക്കറ്റ്.
8. ശ്രീനിവാസ് പ്രസാദ് എം.പിയുടെ മരുമകൻ ഹർഷവർദ്ധന് എം.എൽ.എ ടിക്കറ്റ്.
9. അണ്ണാ സഹേബ് എം.പിയുടെ ഭാര്യ ശശികലക്ക് എം.എൽ.എ ടിക്കറ്റ്.
10. മുൻ മന്ത്രി നാഗപ്പയുടെ മകൻ പ്രീതത്തിന് എം.എൽ.എ ടിക്കറ്റ്.
11. എം.പി ഉമേഷ് ജാദവിന്റെ മകൻ അവിനാഷിന് എം.എൽ.എ ടിക്കറ്റ്.
12. ബംഗാരപ്പയുടെ മകൻ കുമാറിന് എം.എൽ.എ ടിക്കറ്റ്.
13. ദത്തത്രേയ പട്ടീലിന് വീണ്ടും എം.എൽ.എ ടിക്കറ്റ്, അച്ഛൻ മുൻ മന്ത്രി.
14. ശ്രീരാമുലുവിനും മരുമകൻ സുരേഷ് ബാബുവിനും എം.എൽ.എ ടിക്കറ്റ്.
15. രണ്ടാമതും ടിക്കറ്റ് കിട്ടിയ അരവിന്ദ് ബെല്ലാഡ് മുൻ എം.എൽ.എയുടെ മകനാണ്.
16. ഇതതവണ ടിക്കറ്റ് കിട്ടിയ ചന്ദ്രകാന്ത് പാട്ടിലിന്റെ അച്ഛൻ എം.എൽ.സി
17. സപ്തഗിരി ഗൗഡക്ക് ടിക്കറ്റ്, അച്ഛൻ മുൻ മന്ത്രി
18. അമൃത് ദേശായിക്ക് ടിക്കറ്റ്, അച്ഛൻ മുൻ എം.എൽ.എ
19. മുൻ മന്ത്രി ആനന്ദ് സിംഗിന്റെ മകൻ സിദ്ധാർഥ് സിങ്ങിന് ടിക്കറ്റ്.
20.പൂർണിമ ശ്രീനിവാസിന് ടിക്കറ്റ്, അച്ഛൻ മുൻ മന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.