സ്ഫോടനങ്ങൾ: മുൻ ആർ.എസ്.എസുകാരന്‍റെ ഹരജി ഡിസംബറിലേക്ക് മാറ്റി

മുംബൈ: രാജ്യത്തെ ചില സ്ഫോടനങ്ങൾക്ക് പിന്നിൽ സംഘ്പരിവാർ സംഘടനകളാണെന്ന് വെളിപ്പെടുത്തി മുൻ ആർ.എസ്.എസ് പ്രവർത്തകൻ യശ്വന്ത് ഷിൻഡെ നൽകിയ ഹരജി പരിഗണിക്കുന്നത് നാന്ദഡ് കോടതി ഡിസംബർ 13ലേക്ക് മാറ്റി. ബോംബ് നിർമാണത്തിനിടെ രണ്ട് ബജ്റംഗ്ദൾ പ്രവർത്തകർ കൊല്ലപ്പെട്ട 2006ലെ നാന്ദഡ് സ്ഫോടന കേസിൽ വാദം കേൾക്കുന്ന കോടതിയിലാണ് യശ്വന്തിന്റെ ഹരജി.

കേസിലെ വിചാരണയും യശ്വന്തിന്റെ ഹരജിയും ഇനി അഡീഷനൽ സെഷൻസ് ജഡ്ജി ചന്ദ്രശേഖർ വിജയ് കുമാർ മറാത്തെയാണ് പരിഗണിക്കുക. സെഷൻസ് ജഡ്ജ് അശോക് ആർ. ധമേച്ചയായിരുന്നു ഇതുവരെ വാദം കേട്ടത്.

കേസിൽ തന്നെ സാക്ഷിയാക്കാനും വി.എച്ച്.പി ദേശീയ നേതാവ് മിലിന്ദ് പരാൻഡെ, മാലേഗാവ് സ്ഫോടന കേസ് പ്രതി രാകേഷ് ദാവ്ഡെ, ബോംബ് നിർമാണത്തിൽ പരിശീലനം നൽകിയതായി പറയുന്ന 'മിഥുൻ ചക്രവർത്തി' എന്ന രവി ദേവ് എന്നിവരെ പ്രതിചേർക്കാനും ആവശ്യപ്പെട്ടാണ് യശ്വന്ത് ഷിൻഡെയുടെ ഹരജി. നാന്ദഡ് കേസിലും മുഖ്യ പ്രതികളിലൊരാളണ് മിഥുൻ ചക്രവർത്തി. ഇയാളെ കണ്ടെത്താൻ കഴിയാത്തതിനാൽ ഇയാൾക്കെതിരായ കേസ് അവസാനിപ്പിക്കാനാവശ്യപ്പെട്ട് സി.ബി.ഐ കോടതിയിൽ ഹരജി നൽകിയിരുന്നു.

ഈ ഘട്ടത്തിലാണ് മിഥുൻ ചക്രവർത്തി, രവി ദേവ് ആണെന്ന് യശ്വന്ത് വെളിപ്പെടുത്തിയത്. യശ്വന്തിന്റെ ഹരജിക്കെതിരെ സി.ബി.ഐ രേഖാമൂലം കോടതിയെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. കേസിലെ സാക്ഷികളൊ പ്രതികളൊ മൊഴി നൽകാത്തതിനാൽ മിലിന്ദ് പരാൻഡെയെ പ്രതി ചേർക്കാനാകില്ലെന്ന് സി.ബി.ഐ കോടതിയിൽ പറഞ്ഞു.

ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ നിർദേശത്തെ തുടർന്ന് കശ്മീരിലെ ആയുധ പരിശീലനത്തിൽ ആളെ എത്തിക്കുകയും പുണെയിലെ ബോംബ് നിർമാണ പരിശീലനത്തിന്റെ ഭാഗമാകുകയു ചെയ്തതായി യശ്വന്ത് സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടിരുന്നു.

Tags:    
News Summary - Blasts: Ex-RSS man's plea adjourned to December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.