ബംഗളൂരു: യുക്രെയ്നിലെ ഖാർകിവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പ ഗ്യാന ഗൗഡറുടെ (22) മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ഞായറാഴ്ച മൃതദേഹം ബംഗളൂരു വിമാനത്താവളത്തിലെത്തുമന്ന വിവരം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച അറിയിച്ചു.
യുക്രെയ്നിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥിയായിരുന്ന നവീൻ കർണാടക ഹവേരി ജില്ലയിലെ ചെലഗെരി സ്വദേശിയാണ്. ഖാർകിവ് നാഷനൽ മെഡിക്കൽ സർവകലാശാല വിദ്യാർഥിയായ നവീനും കർണാടകയിൽ നിന്നുള്ള മറ്റു വിദ്യാർഥികളും ഖാർകിവിലെ ബങ്കറിലായിരുന്നു കഴിഞ്ഞിരുന്നത്.
ഖാർകിവിൽനിന്നും അതിർത്തിയിലെത്തുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി രാവിലെ ഭക്ഷണം വാങ്ങാനും കറൻസി മാറ്റിവാങ്ങാനുമാണ് നവീൻ ബങ്കറിന് പുറത്തിറങ്ങിയത്. ഭക്ഷണസാധനങ്ങൾ വാങ്ങുന്നതിനായി സൂപ്പർമാർക്കറ്റിനു മുന്നിൽ വരിനിൽക്കുമ്പോഴാണ് ഷെല്ലാക്രമണം ഉണ്ടായതെന്നും നവീന്റെ അമ്മാവനായ ഉജ്ജന ഗൗഡ പറഞ്ഞു.
പുറത്തിറങ്ങുമ്പോൾ ഇന്ത്യൻ പതാക കൈയിൽ കരുതാനും നവീനോട് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ നവീൻ പിതാവിനെ വിളിച്ചപ്പോൾ ബങ്കറിൽ ഭക്ഷണവും വെള്ളവും ഇല്ലെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മരണവിവരം അറിഞ്ഞ് കർണാടകയിലെ ഹാവേരി ജില്ലയിലെ റാണെബെന്നൂർ താലൂക്കിലെ ചലഗേരി ഗ്രാമത്തിലെ നവീന്റെ വീട്ടിലേക്ക് നൂറുകണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് സുരക്ഷിതമായി നവീൻ നാട്ടിലെത്തുമെന്ന് കുടുംബാംഗങ്ങളും നാട്ടുകാരും പ്രതീക്ഷിച്ചിരിക്കെയാണ് സങ്കടകരമായ വാർത്ത നാടറിയുന്നത്. പഠിക്കാൻ ഏറെ മിടുക്കനായ നവീൻ ഡോക്ടറായി തിരിച്ചെത്തുന്നതും കാത്തിരിക്കുകയായിരുന്ന ചലഗേരി ഗ്രാമത്തിലുള്ളവരെയും മരണവിവരം കണ്ണീരിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.