ബംഗളൂരു: കർണാടക രാജ്ഭവനിൽ ബോംബ് വെച്ചെന്ന ഭീഷണി സന്ദേശം നൽകിയ യുവാവിനെ അറസ്റ്റ് ചെയ്തു. കോലാർ മുൽബാഗൽ വടഹള്ളി സ്വദേശിയായ ഭാസ്കർ (34) ആണ് ആന്ധ്രയിലെ ചിറ്റൂരിൽവെച്ച് പിടിയിലായത്. ഇയാൾ ബി.കോം ബിരുദധാരിയാണ്. ബോംബ് ഭീഷണിയെതുടർന്ന് പൊലീസ് സംഘം രാജ്ഭവനിൽ കർശന പരിശോധന നടത്തിയിരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമടക്കം നേതൃത്വം നൽകിയ പരിശോധനക്കൊടുവിൽ ഭീഷണി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പ്രതിയായ യുവാവ് തിങ്കളാഴ്ച രാത്രി രാജ്ഭവന് സമീപത്തെ റോഡിലൂടെ യാത്രചെയ്തിരുന്നു. ഈ സമയം ഇയാൾ ഫോണിൽനിന്ന് ഗൂഗ്ളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) നമ്പർ ശേഖരിച്ച് രാജ്ഭവനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി മുഴക്കുകയായിരുന്നു. ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ചിറ്റൂരിൽനിന്ന് പിടിയിലായത്.
കൗതുകം മൂലമാണ് ബോംബ് ഭീഷണി മുഴക്കിയതെന്നും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ബോധ്യമില്ലാതെയാണ് യുവാവ് പ്രവർത്തിച്ചതെന്നും പൊലീസ് പറഞ്ഞു. യുവാവിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.