മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരത്തെചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ നാഗ്പുരിൽ കർഫ്യൂ ഏർപ്പെടുത്തി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. പൊലീസ് 50 ഓളം പേരെ അറസ്റ്റ് ചെയ്തു. കല്ലേറിൽ മൂന്ന് ഡി.സി.പിമാർ ഉൾപ്പെടെ 30 ലേറെ പൊലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റു. പരിക്കേറ്റ പൊലീസ് കോൺസ്റ്റബിളിന്റെ നില ഗുരുതരമാണ്.
പൊലീസ് വാഹനങ്ങളും ബുൾഡോസറുകളും അടക്കം 40ലേറെ വാഹനങ്ങൾ അഗ്നിക്കിരയാക്കി. തിങ്കളാഴ്ച രാത്രി 8.30 ഓടെ മഹൽ, ചിട്ട്നിസ് പാ ർക്ക് എന്നിവിടങ്ങളിൽ തുടങ്ങിയ സംഘർഷം കോട്വാലി, ഗണേഷപേത്ത് തുടങ്ങിയ ഭാഗങ്ങളിലേക്കും വ്യാപിച്ചു.
ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11ന് മഹലിലെ ശിവജി ചൗക്കിൽ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിൽ ശവകുടീരത്തിന്റെ മാതൃക കത്തിച്ചു. ഒപ്പം അതിന്മേൽ വിരിച്ച ഖുർആൻ വാക്യങ്ങളുള്ള വിരിപ്പും കത്തിച്ചെന്ന് അഭ്യൂഹം പ്രചരിച്ചതോടെ ഒരുവിഭാഗം പ്രകോപിതരായി രംഗത്തുവന്നു. വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ ഇവർ ഗണേഷ്പേത്ത് പൊലീസിൽ പരാതി നൽകി.
എന്നാൽ, രാത്രി എട്ടരയോടെ 80 ഓളം പേർ തടിച്ചുകൂടുകയും തർക്കമുണ്ടാകുകയും ചെയ്തു. ആദ്യം പൊലീസിന് നേരെയാണ് കല്ലേറുണ്ടായത്. ലാത്തിച്ചാർജ് നടത്തിയ പൊലീസ് പിന്നീട് കണ്ണീർവാതകവും ജലപീരങ്കിയുംപ്രയോഗിച്ചു.17-ാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്‍റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നേരത്തെ ഔറംഗാബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്‍റെ പേര്.
#WATCH | Maharashtra: Explosions heard on vehicles that have been torched in Mahal area of Nagpur; tensions have broken out here following a dispute between two groups. pic.twitter.com/rssI72v8od
— ANI (@ANI) March 17, 2025
അക്രമികൾ നാഗ്പൂരിൽനിന്നുള്ളവരല്ലെന്നും പുറത്തുനിന്നെത്തിയ ചിലരാണ് അക്രമം നടത്തിയതെന്നും മഹാരാഷ്ട്ര ന്യൂനപക്ഷ കമീഷൻ ചെയർമാൻ പ്യാരേ ഖാൻ പറഞ്ഞു. സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ജനങ്ങളോട് ആവശ്യപ്പെട്ടു.
അക്രമ സംഭവത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി. ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും 300 വർഷത്തെ സാമുദായിക ഐക്യത്തിന്റെ ചരിത്രമുള്ള നഗരത്തിൽ ഇത്തരമൊരു അസ്വസ്ഥത എങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ചില രാഷ്ട്രീയ പാർട്ടികൾ സ്വന്തം നേട്ടങ്ങൾക്കായി മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
#WATCH | Maharashtra: Tension breaks out in Mahal area of Nagpur after a dispute between two groups. Vehicles vandalised and torched, stone pelting reported. Police personnel present in the area. Details awaited. pic.twitter.com/PPufCmM55N
— ANI (@ANI) March 17, 2025
മറാത്ത ചക്രവർത്തി ശിവജിയുടെ ജന്മദിനമായ തിങ്കളാഴ്ച ശിവജി ചൗക്കിൽ ശിവജി ഭക്തർ തടിച്ചുകൂടിയിരുന്നു. ഇതിനിടെ ചത്രപതി സംബാജിനഗറിലെ (ഔറംഗാബാദ്) ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും പ്രതിഷേധം നടത്തി. ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്നുമാണ് വിശ്വഹിന്ദു പരിഷത്തും ബജ്റങ് ദളും ഭീഷണി മുഴക്കി. ഔറംഗസീബിന്റെ ശവകുടീരത്തിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. വൈകുന്നേരം ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടാകുകയും ഇത് കല്ലേറിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് നടന്ന അക്രമത്തിൽ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. 40 വാഹനങ്ങൾ നശിപ്പിച്ചെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.