മുംബൈ: മതവികാരം വ്രണപ്പെടുത്തുക, സാമുദായിക െഎക്യം തകർക്കുക തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് തനിക്കെതിരെയുള്ള കേസുകളിൽ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയോട് ചോദ്യംചെയ്യലിന് ഹാജരാകാൻ ബോംെബ ഹൈകോടതി ഉത്തരവ്. ബുധനാഴ്ച എൻ.എം ജോഷി മാർഗ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ജസ്റ്റിസുമാരായ ഉജ്ജ്വൽ ഭുയാൻ, റിയാസ് ചഗ്ള എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്.
കേസുകൾ തള്ളാനും ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകുന്നതിൽ ഇളവ് ആവശ്യപ്പെട്ടും അർണബ് നൽകിയ ഹരജി വിഡിയോ കോൺഫറൻസ് വഴി പരിഗണിക്കെയാണ് ഉത്തരവ്. ഹരജിയിൽ തുടർവാദം അടുത്ത 12 ലേക്ക് മാറ്റിയ കോടതി ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
പാൽഗറിൽ നാടോടി സന്യാസിമാർ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരെയും ലോക്ഡൗണിനിടെ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ അന്തർ സംസ്ഥാന തൊഴിലാളികൾ തടിച്ചുകൂടിയതുമായി ബന്ധപ്പെട്ടും ചാനൽ ചർച്ചകളിൽ നടത്തിയ പരാമർശങ്ങളാണ് കേസുകൾക്ക് ആധാരം.
അന്തർ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട കേസിൽ പൈഥുണി പൊലീസാണ് ബുധനാഴ്ച ഹാജരാകാൻ അർണബിന് സമൻസ് നൽകിയത്. ആരോപണങ്ങൾ ഗുരുതരമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി രണ്ട് കേസിലുമായി എൻ.എം. മാർഗ് പൊലീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടത്. അവിടെ വെച്ച് പൊലീസ് ഉദ്യോഗസ്ഥർക്കും ചോദ്യം ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.