ബംഗളൂരു: മുലയൂട്ടൽ ആർക്കും അന്യാധീനപ്പെടുത്താൻ സാധ്യമല്ലാത്ത മാതാവിെൻറ മൗലികാവകാശമാണെന്ന് കർണാടക ഹൈകോടതി. ബംഗളൂരുവിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽനിന്ന് നഷ്ടമായ കുഞ്ഞിനെ തിരിച്ചുലഭിക്കുന്നതിനായി ബംഗളൂരു സ്വദേശിനി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. കഴിഞ്ഞ വർഷം മേയിലാണ് ആശുപത്രിയിൽനിന്ന് ബംഗളൂരു സ്വദേശിനിയുടെ കുഞ്ഞിനെ മനോരോഗ വിദഗ്ധനായ ഒരാൾ തട്ടിക്കൊണ്ടുപോയി കൊപ്പാലിലുള്ള കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് വിൽക്കുന്നത്.
പൊലീസ് പ്രതിയെ പിടികൂടുകയും കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് മാതാവ് കോടതിയെ സമീപിച്ചത്. കുഞ്ഞിനെ ജന്മം നൽകിയ മാതാവിന് കൈമാറാൻ നിർദേശിച്ച ഹൈകോടതി ഒരുവർഷത്തോളം കുഞ്ഞ് മുലപ്പാൽ കുടിക്കാതെ വളർന്നത് നിർഭാഗ്യകരമാണെന്നും നിരീക്ഷിച്ചു. പുരോഗമന സമൂഹത്തിൽ ഇത്തരം സംഭവം ഉണ്ടാകരുത്. മുലയൂട്ടൽ മാതാവിെൻറ ഒഴിച്ചുകൂടാനാവാത്ത അവകാശമാണ്. മുലകുടി മാറാത്ത കുഞ്ഞിെൻറ അവകാശം മാതാവിെൻറ അവകാശത്തിനൊപ്പം കൂട്ടിച്ചേർത്തുകാണണം. മുലയൂട്ടുന്ന മാതാവും മുലകുടിക്കുന്ന കുഞ്ഞും മൗലികാവകാശങ്ങൾക്ക് കീഴിലെ ജീവിക്കാനുള്ള അവകാശത്തിെൻറ പരിധിയിൽ സംരക്ഷിക്കപ്പെടുന്നതാണെന്നും ഹൈകോടതി വ്യക്തമാക്കി.
കുഞ്ഞിനെ വിട്ടുനൽകാൻ തയാറായ വളർത്തുമാതാവിന് കുഞ്ഞിനെ എപ്പോൾ വേണമെങ്കിലും കാണാനുള്ള അനുമതിയുണ്ടാകുമെന്നും ജന്മം നൽകിയ മാതാവ് കോടതിയെ അറിയിച്ചു. ഇതിനെയും ഹൈകോടതി പ്രകീർത്തിച്ചു. രണ്ടു മതത്തിലുള്ളവരായിട്ടും ഈ തീരുമാനം ഇപ്പോഴത്തെ സാഹചര്യത്തിൽ അഭിനന്ദനാർഹമാണെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.