ന്യൂഡൽഹി: ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് പകരം മകൻ കരൺ ഭൂഷൺ സിങ് സ്ഥാനാർഥിയാകും. ബ്രിജ് ഭൂഷന്‍റെ സിറ്റിങ് സീറ്റായ ഉത്തർപ്രദേശിലെ കൈസർഗഞ്ചിലാണ് കരൺ ഭൂഷൺ സിങ് മത്സരിക്കുക. മെയ് 20നാണ് കൈസർഗഞ്ചിൽ വോട്ടെടുപ്പ് നടക്കുന്നത്.
കൈസർഗഞ്ചിലെ തന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാത്തതിൽ പരസ്യ പ്രതിഷേധവുമായി ബ്രിജ് ഭൂഷൺ രംഗത്ത് വന്നിരുന്നു. സ്ഥാനാർഥിയായി തന്‍റെ പേര് പ്രഖ്യാപിക്കാൻ വൈകുന്നതിന് മാധ്യമങ്ങളെയാണ് ബ്രിജ് ഭൂഷൺ കുറ്റപ്പെടുത്തിയത്.
ബ്രിജ് ഭൂഷനെതിരെ വനിത ഗുസ്തി താരങ്ങള്‍ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു. ഡൽഹിയിൽ ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം ബ്രിജ് ഭൂഷൺ ഒഴിഞ്ഞത്. എന്നാൽ, ആരോപണങ്ങൾ ബ്രിജ് ഭൂഷൺ നിഷേധിച്ചു.
പ്രതിഷേധം ശക്തമായതോടെ കേന്ദ്ര കായിക മന്ത്രി ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.