ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകരുടെ ആശങ്ക പങ്കുവെച്ച് ബ്രിട്ടനിലെ നൂറിലേറെ പാർലമെൻറ് അംഗങ്ങളും പ്രഭുസഭാംഗങ്ങളും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കത്തെഴുതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള ബോറിസ് ഇക്കാര്യം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കക്ഷിരാഷ്ട്രീയത്തിനതീതമായി നൂറിലേറെ നേതാക്കൾ ഒപ്പിട്ട് കത്തയച്ചത്. അതേസമയം, ചർച്ച വഴിമുട്ടിയതോടെ കർഷകരെ സമരത്തിൽനിന്ന് പിന്തിരിപ്പിക്കാൻ കേന്ദ്ര സർക്കാർ സിഖ് മതനേതാക്കൾക്ക് പിറകെകൂടി.
റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകാമെന്നേറ്റ ബോറിസ് ജോൺസൺ അതിതീവ്ര കോവിഡ് വ്യാപനം മൂലം ഇന്ത്യ സന്ദർശനംതന്നെ റദ്ദാക്കിയതിനു പിന്നാലെയാണ് ബ്രിട്ടീഷ് നേതാക്കളുടെ കത്ത്. പഞ്ചാബ് എം.പി തൻമൻജിത് സിങ് ധേസി ആണ് കത്ത് പുറത്തുവിട്ടത്.
താങ്കളുടെ ഇന്ത്യ സന്ദർശനം റദ്ദാക്കിയെന്ന് കരുതുെന്നന്നും എന്നാൽ, ഉടൻ ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ താങ്കൾ ആഗ്രഹം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ കത്തെന്ന് ബ്രിട്ടീഷ് നേതാക്കൾ ബോറിസിന് എഴുതി. വിഷയത്തിെൻറ അടിയന്തര പ്രാധാന്യം പരിഗണിച്ച് തങ്ങളുടെ വോട്ടർമാരുടെ ഉത്കണ്ഠ ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയിക്കാൻ കഴിയുമോ എന്ന് നേതാക്കൾ ചോദിച്ചു.
കർഷക സമരത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും സമാധാനപരമായി സമരം നടത്താനുള്ള ജനാധിപത്യപരമായ മനുഷ്യാവകാശം അനുവദിക്കുമെന്നുമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യൻ വിദേശ സെക്രട്ടറിയുമായി വിഷയം ചർച്ച ചെയ്യാൻ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ഡൊമിനിക് റാബിന് നേരത്തേ അയച്ച കത്തും ബോറിസിനുള്ള കത്തിൽ പരാമർശിച്ചിട്ടുണ്ട്.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ നാനാക്സർ ഗുരുദ്വാരയുടെ ബാബ ലഖാ സിങ്ങിനെ കണ്ടതിനു പുറമെ അകാൽ തക്ത ജഠേദാർ ഗ്യാനി ഹർപ്രീത് സിങ്ങിനെ കേന്ദ്രത്തിനും കർഷകർക്കുമിടയിൽ മധ്യസ്ഥനായി ഇറക്കാൻ ബി.ജെ.പി ശ്രമം തുടങ്ങി. മൂന്നു വിവാദ ബില്ലിലുടക്കി ചർച്ച വഴിമുട്ടിയതിനാൽ ഗ്യാനി ഹർപ്രീത് സിങ്ങിനെ സമീപിച്ചെന്ന് ബി.ജെ.പി ദേശീയ വക്താവ് കമൽജിത് സോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.