ബി.എസ്.എന്‍.എല്ലില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്ലില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. 19,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിരിച്ചുവിടലിന്റെ ഭാഗമായി ടെലികോം മന്ത്രാലയം ധനമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. ധനമന്ത്രാലയം മന്ത്രാലയം ശുപാര്‍ശ അംഗീകരിച്ചാല്‍ നിര്‍ദേശം കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. തുടര്‍ന്നായിരിക്കും പിരിച്ചുവിടല്‍.

2019ല്‍ സ്വയംവിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്)യുടെ ഭാഗമായി 90,000ഓളം ജീവനക്കാരെ ബി.എസ്.എന്‍.എല്‍ പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും കേന്ദ്രം പിരിച്ചുവിടലിനായി പദ്ധതിയിടുന്നത്. 55,000 ജീവനക്കാരില്‍ 35 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് ടെലികോം മന്ത്രാലയത്തിന്റെ നീക്കം. ശമ്പളത്തിനായുള്ള ചെലവ് കുറയ്ക്കാനാണ് പിരിച്ചുവിടല്‍ നടപടിയെന്നാണ് കേന്ദ്ര സ്ഥാപനത്തിന്റെ വിശദീകരണം.

സ്ഥാപനത്തിന്റെ വരുമാനത്തിന്റെ 38 ശതമാനവും ശമ്പളം നല്‍കുന്നതിനായാണ് ഉപയോഗിക്കുന്നതെന്നും ഇത് ഏകദേശം 7500 കോടി രൂപ വരുമെന്നും അധികൃതര്‍ പറയുന്നു. പിരിച്ചുവിടല്‍ നടപടിയിലൂടെ ഈ ചെലവ് 5000 കോടിയിലേക്ക് ചുരുക്കാനാകുമെന്നും അധികൃതർ പറയുന്നു.

ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പാക്കേജ് നല്‍കാനായി 15,000 കോടി രൂപ ധനമന്ത്രാലയത്തോട് ബി.എസ്.എന്‍.എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്വകാര്യ കമ്പനികള്‍ കുത്തനെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് പിന്നാലെ ബി.എസ്.എന്‍.എല്ലിലേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ എത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് പിരിച്ചുവിടല്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, 21,302 കോടി രൂപയായി ബി.എസ്.എന്‍.എല്‍ വരുമാനം ഉയര്‍ത്തിയിരുന്നു. നിലവിലെ പിരിച്ചുവിടല്‍ പദ്ധതി സ്വകാര്യവത്ക്കരണത്തെ പിന്തുണക്കാന്‍ ഉള്ളതാണെന്നും പരാതി ഉയരുന്നുണ്ട്.

2021 മുതല്‍ ബി.എസ്.എന്‍.എല്‍ ലാഭം രേഖപ്പെടുത്തുന്നുണ്ടെന്നും വരുമാനം 21,000 കോടി രൂപയോളം, അതായത് 12 ശതമാനം വര്‍ധിച്ചതായും ചെലവ് രണ്ട് ശതമാനം കുറഞ്ഞതായും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ പറഞ്ഞിരുന്നു.

Tags:    
News Summary - bsnl-proposes-new-retirement-plan-19000-jobs-on-the-line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.