ന്യൂഡൽഹി: രാജ്യത്തെ മുസ്ലിംകളെ ബുൾഡോസർ ഭീകരതയിലൂടെ ശിക്ഷിക്കുകയാണെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ ആരോപിച്ചു. ഭയത്തിന്‍റെയും ഭീകരതയുടെയും അന്തരീക്ഷം സൃഷ്ടിച്ച് മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് വോട്ടുബാങ്കിനായി ധ്രുവീകരണമുണ്ടാക്കുന്നത് അന്യായവും അനീതിയുമാണെന്ന് പാർട്ടി അഖിലേന്ത്യാ പ്രസിഡന്‍റ് എസ്.ക്യൂ.ആർ. ഇല്യാസും ദേശീയ സെക്രട്ടറി അജിത് സിങ് യാദവും വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
നിയമവാഴ്ച കൈയിലെടുക്കുന്നത് കണ്ടിട്ടും കോടതികൾ ഇടപെടുന്നില്ല. പൗരത്വസമരം മുതലാണ് വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിനെയും ഫ്രറ്റേണിറ്റി നേതാവ് അഫ്രീൻ ഫാത്തിമയെയും ലക്ഷ്യമിട്ടത്. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവിക്കായി സമാജ്വാദി പാർട്ടിയെ പിന്തുണക്കാനുള്ള വെൽഫെയർ പാർട്ടി നീക്കങ്ങൾക്ക് ജാവേദ് മുഹമ്മദ് മുന്നിൽനിന്നതും പ്രതികാരനടപടിക്ക് കാരണമായി.
പാർട്ടിയുടെ കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗമായ ജാവേദിനെ എസ്.പി സഖ്യത്തിന്‍റെ സ്ഥാനാർഥിയാക്കാനുള്ള ചർച്ച നടന്നിരുന്നുവെങ്കിലും പിന്നീട് അത് വേണ്ടെന്നുവെച്ചു. ജാവേദിന്‍റെ മകളും ജെ.എൻ.യു വിദ്യാർഥിനേതാവുമായ അഫ്രീൻ ഫാത്തിമ സർക്കാറിനെതിരെ നിരന്തരം ശബ്ദിക്കുകയും പൗരത്വസമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ പേരിൽ ജാവേദിന്‍റെ ഭാര്യയുടെ വീട് തകർക്കുകയാണ് ചെയ്തതെന്നും ഇല്യാസ് പറഞ്ഞു.
ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ജമാഅത്തെ ഇസ്ലാമി
ന്യൂഡൽഹി: പ്രവാചകനിന്ദക്കെതിരായ പ്രതിഷേധങ്ങളെ തുടർന്ന് ഉത്തർപ്രദേശിൽ മുസ്ലിംകളുടെ ഭവനങ്ങൾ തകർത്തതിലും പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചതിലും ഝാർഖണ്ഡിൽ മുസ്ലിം യുവാക്കളെ വെടിവെച്ചുകൊന്നതിലും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ പ്രസിഡന്‍റ് സയ്യിദ് സആദത്തുല്ലാ ഹുസൈനി ആവശ്യപ്പെട്ടു.
ഝാർഖണ്ഡിലെ റാഞ്ചിയിലും ഉത്തർപ്രദേശിലെ പ്രയാഗ് രാജിലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെയും ഹുസൈനി അപലപിച്ചു.
സമാധാനപരമായ പ്രതിഷേധത്തിനുള്ള ജനാധിപത്യപരമായ അവകാശം വിനിയോഗിക്കുമ്പോൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ആഗ്രഹിക്കുന്നവരുടെയും സാമൂഹിക വിരുദ്ധരുടെയും കെണിയിൽ വീഴരുതെന്നും മുസ്ലിം സമുദായത്തോട് ഹുസൈനി അഭ്യർഥിച്ചു. സംസ്കാരമുള്ള ജനതക്ക് സങ്കൽപിക്കാൻ കഴിയാത്ത നടപടിയാണ് പ്രയാഗ്രാജിൽ നടന്നത്. നിയമത്തോട് ബഹുമാനമുണ്ടെങ്കിൽ യു.പി സർക്കാർ ജാവേദ് മുഹമ്മദിന് നഷ്ടപരിഹാരം നൽകുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുകയും വേണം. കല്ലേറ് അടക്കം സംഭവങ്ങളുടെ തുടർച്ച നോക്കുമ്പോൾ ഗൂഢാലോചന തെളിഞ്ഞുകാണുന്നുണ്ടെന്നും ഹുസൈനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.