ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ നാലു ലോക്സഭാ മണ്ഡലങ്ങളിലേക്കും എട്ട് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ അതാതു സ്ഥലങ്ങളിലെ ഭരണകക്ഷിക്ക് ജയം. മധ്യപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ത്രിപുര, പുതുച്ചേരി, അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത്. അട്ടിമറികളൊന്നുമില്ലാത്ത തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും അതാതു പാര്‍ട്ടികള്‍ സീറ്റു നിലനിര്‍ത്തി. പക്ഷേ, അസമിലും മധ്യപ്രദേശിലും ബി.ജെ.പിക്ക് വോട്ടു കുറഞ്ഞു.
അസമിലെ ലഖിംപൂരില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച സര്‍ബാനന്ദ സൊനേവാള്‍ മുഖ്യമന്ത്രിയായതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രണ്ടു ലക്ഷത്തില്‍പരം വോട്ടിന്‍െറ ഭൂരിപക്ഷത്തോടെയാണ് പ്രധാന്‍ ബറുവ ഈ സീറ്റില്‍ ജയിച്ചത്. ബി.ജെ.പിക്ക് വോട്ടുകളുടെ എണ്ണം 6.12 ലക്ഷത്തില്‍നിന്ന് 5.51 ലക്ഷമായാണ് കുറഞ്ഞത്. മധ്യപ്രദേശിലെ ഷാഹ്ദലില്‍ ബി.ജെ.പിയുടെ ഗ്യാന്‍സിങ് 60,000ല്‍പരം വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. 2014ല്‍ 5.25 ലക്ഷം വോട്ടു പിടിച്ച ബി.ജെ.പിക്ക് ഇക്കുറി കിട്ടിയത് 4.81 ലക്ഷം വോട്ടാണ്. മധ്യപ്രദേശിലെ നേപാനഗര്‍ നിയമസഭാ സീറ്റിലും ബി.ജെ.പി ജയിച്ചു.
പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാര്‍, താംലുക് ലോക്സഭാ സീറ്റുകളില്‍ സി.പി.എമ്മിനെയും ബി.ജെ.പിയേയും പിന്തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് ഭുരിപക്ഷം വര്‍ധിപ്പിച്ചു. കൂച്ച് ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 2014ല്‍ കിട്ടിയ ഭൂരിപക്ഷം 2.46 ലക്ഷമാണെങ്കില്‍ ഇക്കുറി 4.97 ലക്ഷമാണ്. കൂച്ച് ബിഹാറില്‍ പാര്‍ഥപ്രതിം റേയും താംലുകില്‍ ദിവ്യേന്ദു അധികാരിയും ജയിച്ചു. കൂച്ച് ബിഹാറില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് ബി.ജെ.പിയുടെ ഹേംചന്ദ്ര ബര്‍മനാണ്. മൊണ്ടേശ്വര്‍ നിയമസഭാ സീറ്റിലും തൃണമൂലിനാണ് ജയം.
അസമില്‍ കോണ്‍ഗ്രസ് എം.എല്‍.എ മാന്‍സിങ് റോങ്പി രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പു നടന്ന ബൈതലാങ്സോ നിയമസഭാ സീറ്റില്‍ അദ്ദേഹം ബി.ജെ.പി ടിക്കറ്റില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ 126 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 61 സീറ്റായി.
പുതുച്ചേരി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി. നാരായണ സ്വാമി നെല്ലിത്തോപ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പു നടന്ന ഖോവായ്, ബര്‍ജല നിയമസഭാ സീറ്റുകളില്‍ സി.പി.എം വിജയിച്ചു. തമിഴ്നാട്ടില്‍ മൂന്നു നിയമസഭാ സീറ്റുകളിലും ജയം എ.ഐ.എ.ഡി.എം.കെക്ക്.
തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ 54 ശതമാനം വോട്ടുമായി രംഗസാമി വിജയിച്ചു. അരവാക്കുറിച്ചിയില്‍ 53.51 ശതമാനം വോട്ടുനേടിയാണ് സെന്തില്‍ ബാലാജി ജയിച്ചത്. തിരുപ്പരങ്കുന്‍റത്ത് എ.കെ ബോസിന് 55.65 ശതമാനം വോട്ടു കിട്ടി. എന്നാല്‍ പുതുച്ചേരിയില്‍ മുഖ്യമന്ത്രി നാരായണ സ്വാമി 69 ശതമാനം വോട്ട് പിടിച്ചപ്പോള്‍ എ.ഐ.എ.ഡി.എം.കെയിലെ എതിര്‍ സ്ഥാനാര്‍ഥിക്ക് 28 ശതമാനമാണ് കിട്ടിയത്.
അരുണാചല്‍ പ്രദേശില്‍ ഹയുലിയാങ് നിയമസഭാ സീറ്റിലും ബി.ജെ.പി ജയിച്ചു. മുന്‍മുഖ്യമന്ത്രി കാലിഖോ പുള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ഈ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കാലിഖോയുടെ വിധവ ദാസങ്ലു പുള്‍ മത്സരിച്ച ഇവിടെ ജയം ബി.ജെ.പി.ക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.