ന്യൂഡൽഹി: രാജ്യമൊട്ടുക്കും പ്രതിഷേധത്തിനും പ്രക്ഷോഭങ്ങൾക്കും ഇടയാക്കിയ പൗരത്വ ദേഭഗതി നിയമത്തിന് സ്റ്റേ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. നിയമത്തിെൻറ ഭരണഘടന സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച 59 ഹരജികൾക്ക് മറുപടി നൽകാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. ജനുവരി രണ്ടാം വാരത്തിനകം കേന്ദ്രം മറുപടി നൽകണം.
അതേസമയം, ജനം പ്രക്ഷോഭത്തിനിറങ്ങുന്നത് ഒഴിവാക്കാൻ പൗരത്വ ഭേദഗതി നിയമത്തിന് വലിയ പ്രചാരം നൽകണമെന്ന ബി.ജെ.പി നേതാവിെൻറ 60ാമത്തെ ഹരജിയിലെ ആവശ്യം ഉത്തരവിടാതെ തന്നെ കേന്ദ്ര സർക്കാർ അംഗീകരിച്ചു.
ബുധനാഴ്ച രാവിലെ മുതിർന്ന അഭിഭാഷകരെ കൊണ്ട് തിങ്ങിനിറഞ്ഞ കോടതി മുറിയിൽ രാജ്യം ഉറ്റുനോക്കുന്ന നിയമയുദ്ധം തുടങ്ങിയപ്പോൾ അധികം വാദത്തിലേക്ക് കടക്കാതെ തന്നെ സ്റ്റേ അനുവദിക്കാതെ നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. സ്റ്റേ വേണമെന്ന് കപിൽ സിബൽ അടക്കമുള്ള അഭിഭാഷകർ ആവശ്യപ്പെട്ടു.
ചട്ടങ്ങളുണ്ടാക്കുന്നതിലേക്ക് സർക്കാർ കടക്കാത്തതിനാൽ അതിെൻറ ആവശ്യമില്ലല്ലോയെന്ന് പൗരത്വ ബില്ലിനെതിരെ വാദിക്കുന്ന രാജീവ് ധവാനും ചൂണ്ടിക്കാട്ടി. ചട്ടങ്ങളും മാർഗനിർദേശങ്ങളും ഇനിയും ഉണ്ടാക്കാത്ത നിയമം സ്റ്റേ ചെയ്യാൻ ആവശ്യമുന്നയിക്കേണ്ടതില്ല എന്നായിരുന്നു രാജീവ് ധവാെൻറ നിലപാട്. സ്റ്റേ ചെയ്യില്ലെന്നും കേസ് ഒരുമാസം കഴിഞ്ഞ് ജനുവരി 22ന് വീണ്ടും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഇതിനിടയിലാണ് പ്രക്ഷോഭം നടക്കുന്ന ജാമിഅ മില്ലിയ്യയിലും സീലംപുരിലും താൻ പോയെന്നും സംസാരിച്ച സമരക്കാർക്കൊന്നും നിയമത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും പറഞ്ഞ് ബി.ജെ.പി നേതാവ് അഡ്വ. അശ്വിനികുമാർ ഉപാധ്യായ ഇടപെട്ടത്. നിയമത്തിെൻറ വിശദാംശങ്ങൾ അറിയാത്തതുകൊണ്ടാണ് ജനം സമരത്തിനിറങ്ങുന്നത്. അതിനാൽ, നിയമത്തിെൻറ ലക്ഷ്യങ്ങൾ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്ന് ഉപാധ്യായ ആവശ്യെപ്പട്ടു.
പതിവില്ലാത്ത ഇത്തരമൊരു ആവശ്യത്തിൽ സുപ്രീംകോടതി ഉത്തരവിറക്കേണ്ട ആവശ്യമുണ്ടോ എന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിനോട് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ആരാഞ്ഞു. സുപ്രീംകോടതി ഉത്തരവിടാതെ തന്നെ ആവശ്യമായത് കേന്ദ്ര സർക്കാർ ചെയ്യാമെന്ന് എ.ജി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.