ബംഗളൂരു: കർണാടക മന്ത്രിസഭ വികസന തീരുമാനം നീളുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. മന്ത്രിസഭ വികസനമായിരിക്കുമോ പുനഃസംഘടനയായിരിക്കുമോ എന്നത് സംബന്ധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്തശേഷമേ അറിയൂ എന്നും നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും ബൊമ്മൈ പറഞ്ഞു.
2023ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മന്ത്രിസഭയിൽ സമ്പൂർണ അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്. ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയിൽ മന്ത്രിസഭയിൽ സമ്പൂർണ അഴിച്ചുപണി വേണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഡൽഹിയിൽ പ്രത്യേക യോഗം ചേരുമെന്നും അതിനുശേഷം തന്നെ ചർച്ചക്കായി വിളിക്കുമെന്നുമാണ് നേരത്തെ ബൊമ്മൈ പറഞ്ഞത്.
ബി.ജെ.പി കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചക്കുശേഷം മാത്രമേ മന്ത്രിസഭയിൽ പുതുമുഖങ്ങളുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ വികസനം വൈകുന്നതിൽ ബി.ജെ.പി നേതാക്കളിൽ അതൃപ്തി ശക്തമാണ്. കെ.എസ്. ഈശ്വരപ്പ രാജിവെച്ചതോടെ 29 മന്ത്രിമാരാണ് ഉള്ളത്.
അഞ്ച് മന്ത്രിസ്ഥാനമാണ് ശേഷിക്കുന്നത്. പുതുതായി അഞ്ചുപേരെ നിയമിക്കുമോ ഉള്ളവരിൽ ചിലരെ മാറ്റുമോ എന്നതും വ്യക്തമല്ല. നിയമസഭ തെരഞ്ഞെടുപ്പിൽ അധികാര തുടർച്ചയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.