'നിങ്ങൾക്ക് പുറത്താക്കാൻ കഴിയുമായിരിക്കും, പക്ഷെ നിശബ്ദനാക്കാൻ കഴിയില്ല'; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സുനിൽ ജാഖർ

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും പഞ്ചാബ് മുൻ പി.സി.സി അധ്യക്ഷനുമായിരുന്ന സുനിൽ ജാഖർ. 'നിങ്ങൾക്ക് സുനിൽ ജാഖറെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കാൻ കഴിയുമായിരിക്കും, പക്ഷെ നിശബ്ദനാക്കാൻ കഴിയില്ല'- ജാഖർ വ്യക്തമാക്കി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിധ്യത്തിലാണ് ജാഖർ കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്.

കോൺഗ്രസിൽ ജാതീയതയുടെ അംശമുണ്ടെന്നും എന്നാൽ, ബി.ജെ.പിയിൽ എല്ലാവരും തുല്യരാണെന്നും സുനിൽ ജാഖർ ചൂണ്ടിക്കാട്ടി. അതേസമയം, പഞ്ചാബിൽ ബി.ജെ.പിയെ വളർത്തുന്നതിൽ ജാഖറിന് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് പാർട്ടി അംഗത്വം നൽകിക്കൊണ്ട് ജെ.പി നദ്ദ പറഞ്ഞു.

മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നിയെ വിമർശിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വം സുനിൽ ജാഖർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജാഖർ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചത്. കോൺഗ്രസുമായി 50 വർഷത്തെ ബന്ധമാണുള്ളതെന്നും പാർട്ടി തനിക്ക് കുടുംബം പോലെയായിരുന്നെന്നും ജാഖർ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസം കോൺഗ്രസ് അച്ചടക്ക സമിതി സുനിൽ ജാഖറിനെ പാർട്ടിയിൽ നിന്നും രണ്ടു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കാനും ശിപാർശ ചെയ്തിരുന്നു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയോട് തോറ്റതിന് പിന്നാലെ ചരൺജിത്ത് സിങ് ഛന്നിയെ വിമർശിക്കുകയും അദ്ദേഹം പാർട്ടിക്ക് ബാധ്യതയാണെന്ന പ്രസ്താവന നടത്തുകയും സുനിൽ ജാഖർ ചെയ്തിരുന്നു.

Tags:    
News Summary - "Can Sack Me But Not Silence Me": Sunil Jakhar Joins BJP, Slams Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.