ന്യൂഡൽഹി: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ പലയിടങ്ങളിലും തിരക്ക് വർധിച്ചതിനെതിരെ കേന്ദ്ര സർക്കാർ. നിയന്ത്രണങ്ങൾ ലഘൂകരിക്കുേമ്പാൾ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക, പരിശോധന കൂട്ടുക, രോഗികളെ പിന്തുടരുക, ചികിത്സിക്കുക, വാക്സിനേഷൻ വേഗത്തിലാക്കുക എന്നീ നിർദേശങ്ങളാണ് കേന്ദ്രം നൽകിയത്.
നിലവിലെ സാഹചര്യത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ വാക്സിനേഷൻ അത്യാവശ്യമാണെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. അതിനാൽ, സംസ്ഥാനങ്ങൾ വാക്സിനേഷൻെറ വേഗത വർധിപ്പിച്ച് പരമാവധി ആളുകൾക്ക് കുത്തിവെപ്പ് നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ഡൽഹിയിലെ മാർക്കറ്റുകളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിതായി ഡൽഹി ഹൈകോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് ഭല്ല കത്തയച്ചത്. നിയമലംഘകർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും കടയുടമകളെ ബോധവത്കരിക്കണമെന്നും കോടതി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
രണ്ടാം കോവിഡ് തരംഗത്തിനിടെ നിരവധി സംസ്ഥാനങ്ങളിൽ കേസുകളിൽ ഗണ്യമായ വർധനവുണ്ടായതായി ആഭ്യന്തര സെക്രട്ടറി പറഞ്ഞു. വ്യാപനം തടയാൻ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സജീവമായ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായപ്പോൾ, പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തുടങ്ങിയിട്ടുണ്ട്.
നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ലഘൂകരിക്കുയോ ചെയ്യണം. നിയന്ത്രണങ്ങൾ ഒഴിവാക്കുേമ്പാൾ അഞ്ച് തന്ത്രങ്ങൾ പിന്തുടരൽ അത്യാവശ്യമാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ, ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്, പ്രതിരോധ കുത്തിവെപ്പെടുക്കൽ എന്നിവയാണ് അവ.
കോവിഡ് വ്യാപനം തടയാൻ മാനദണ്ഡങ്ങൾ പാലിക്കൽ നിർബന്ധമാണ്. മാസ്കുകളുടെ നിർബന്ധിത ഉപയോഗം, കൈ ശുചിത്വം, സാമൂഹിക അകലം, ശരിയായ വായുസഞ്ചാരം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ചില സംസ്ഥാനങ്ങളിൽ ഇവ പാലിക്കുന്നതിൽ അശ്രദ്ധ വരുത്തിയിട്ടുണ്ട്. അതിനാൽ അലംഭാവം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഭല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.