ഫൈസാബാദ്: ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ ആഘോഷമായി പ്രാണപ്രതിഷ്ഠ ചടങ്ങ് നടത്തിയ ബി.ജെ.പിയും നരേന്ദ്ര മോദിയും സ്വപ്നം കണ്ടത് വരാനിരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടിലേക്കെത്തുന്ന അതിന്റെ അലയൊലികളാണ്. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പിയുടെ പ്രതീക്ഷകൾ ഇരുളടഞ്ഞു. രാജ്യമൊട്ടുക്കും വോട്ടിനായുള്ള അജണ്ടയായി പരിവർത്തിക്കപ്പെടാൻ സംഘ്പരിവാർ ലക്ഷ്യമിട്ട രാമക്ഷേത്ര ഉദ്ഘാടനം വേണ്ടത്ര ചർച്ചയായതേയില്ല. അതുവഴി തങ്ങൾ നിനച്ച രീതിയിൽ വോട്ടൊഴുകിയെത്തില്ലെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പിക്ക് മറ്റു പ്രചാരണ വഴികളിലേക്ക് മാറി നടക്കേണ്ടിയും വന്നു.
രാമക്ഷേത്ര ഉദ്ഘാടനം വോട്ടിനുള്ള തരംഗമാകുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ് അത് നിലകൊള്ളുന്ന അയോധ്യയിൽ തന്നെയാണ്. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ രാമക്ഷേത്രം വലിയ അളവിൽ പ്രചാരണ വിഷയമല്ലെന്ന് ‘ഫ്രീ പ്രസ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നു. സമാജ് വാദി പാർട്ടിയുടെ ദലിത് സ്ഥാനാർഥിയും ബി.ജെ.പിയുടെ താക്കൂർ സ്ഥാനാർഥിയും ബഹുജൻ സമാജ്‍വാദി പാർട്ടി രംഗത്തിറക്കുന്ന ബ്രാഹ്മണ സ്ഥാനാർഥിയും തമ്മിൽ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ രാമക്ഷേത്രത്തേക്കാൾ ജാതി സമവാക്യങ്ങളാണ് നിർണായകമാവുകയെന്നാണ് റിപ്പോർട്ട്.
എസ്.പിയും കോൺഗ്രസും ചേർന്ന ഇൻഡ്യ സഖ്യം സിറ്റിങ് എം.എൽ.എ അവധേഷ് പ്രസാദിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. സിറ്റിങ് എം.പി ലല്ലു സിങ് താക്കൂറാണ് ബി.ജെ.പി സ്ഥാനാർഥി. ബി.എസ്.പിക്കുവേണ്ടി മത്സരരംഗത്തിറങ്ങിയ സച്ചിദാനന്ദ് പാണ്ഡെ ഈയിടെയാണ് ബി.ജെ.പിയിൽനിന്ന് കൂറുമാറിയെത്തിയത്. ബ്രാഹ്മണ വോട്ടുകൾ മുന്നിൽകണ്ടാണ് പാണ്ഡെയുടെ സ്ഥാനാർഥിത്വം.
രാമന്റെ തട്ടകമായ അയോധ്യയിൽ ‘രാമനാമം’ കൊണ്ടുമാത്രം ജയിക്കാൻ കഴിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകനായ രാജേഷ് എൻ. ബാജ്പേയി പറയുന്നു. ‘രാമക്ഷേത്രത്തിനുവേണ്ടി ഏറെക്കാലമായി വാദിച്ചുകൊണ്ടിരുന്ന ബി.ജെ.പി അയോധ്യയുമായി പാരസ്പര്യം പുലർത്തുന്നുണ്ടെങ്കിലും രാഷ്ട്രീയ യാഥാർഥ്യം കൂടുതൽ സങ്കീർണമാണ്. 1989നുശേഷം ഇവിടെ നടന്ന എട്ടു ലോക്സഭ തെരഞ്ഞെടുപ്പുകളിൽ നാലെണ്ണത്തിൽ മാത്രം ജയിക്കാനേ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുള്ളൂ. ലല്ലു സിങ്ങും വിനയ് കത്യാറും രണ്ടുതവണ വീതം ജയിച്ചു. മിത്രാസെൻ യാദവ് മൂന്നു തവണ മണ്ഡലത്തിൽ വിജയം കണ്ടു. ഒരു തവണ സി.പി.ഐക്കുവേണ്ടിയും രണ്ടു തവണ സമാജ് വാദി പാർട്ടി സ്ഥാനാർഥിയായും’-ബാജ്പേയി വിശദീകരിക്കുന്നു.
രാമക്ഷേത്ര ഉദ്ഘാടനത്തിനുശേഷം അയോധ്യയിൽ വലിയ മാറ്റങ്ങളാണുണ്ടായതെന്ന് പ്രദേശവാസികൾ വിശദീകരിക്കുന്നു. ഗതാഗതത്തിരക്കും ജനബാഹുല്യമേറിയ തെരുവുകളും അതിന്റെ തെളിവാണ്. അയോധ്യയിൽനിന്ന് ഫൈസാബാദ് വരെയുള്ള 13 കിലോമീറ്റർ റോഡ് നേരത്തേ തിരക്കൊഴിഞ്ഞതും ശാന്തവുമായിരുന്നു. എന്നാൽ, ‘രാം പഥ്’ എന്ന് ഇപ്പോൾ പേരുമാറ്റിയ ഈ റോഡിനിരുപുറവും വമ്പൻ ഷോപ്പുകളും ബിസിനസ് സെന്ററുകളുമൊക്കെയായി മുഖച്ഛായ തന്നെ മാറിക്കഴിഞ്ഞു. രാമക്ഷേത്രത്തിന്റെ മാതൃകകളും മറ്റും വിൽക്കുന്ന പോഷ് ഔട്ലെറ്റുകൾക്കു മുമ്പിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ടൂറിസ്റ്റുകളുടെ തിരക്കാണ്.
കാവിരാഷ്ട്രീയത്തിന്റെ ഗർവിനിടയിലും ജാതി സമവാക്യങ്ങളാണ് ഫൈസാബാദ് ലോക്സഭ മണ്ഡലത്തിൽ നിർണായകമാവുക. മേയ് 20ന് നടക്കുന്ന അഞ്ചാം ഘട്ടത്തിലാണ് ഫൈസാബാദ് വിധിയെഴുതുന്നത്. തുടർച്ചയായ മൂന്നാം തവണയും ലല്ലു സിങ്ങിന്റെ വിജയം തേടി മേയ് അഞ്ചിന് മോദി അയോധ്യയിൽ റോഡ് ഷോ നടത്തിയെങ്കിലും അതിനും മുകളിൽ വിധിയെഴുത്തിൽ പ്രകടമാവുക ജാതിരാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളാവും.
മണ്ഡലത്തിൽ 26 ശതമാനം വരുന്ന ദലിത് വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ചാണ് സമാജ് വാദി പാർട്ടി അവധേഷ് പ്രസാദിനെ കളത്തിലിറക്കിയിട്ടുള്ളത്. റാവത്ത്, ചമാർ, കോറി തുടങ്ങിയ ജാതികളാണ് ദലിതരേറെയും. എസ്.പിയുടെ ദലിത് മുഖമായി വിശേഷിപ്പിക്കപ്പെടുന്ന നേതാവാണ് മികിപൂരിൽനിന്നുള്ള എം.എൽ.എയായ അവധേഷ്. 1977ൽ എം.എൽ.എയായി പാർലമെന്ററി ജീവിതത്തിന് തുടക്കമിട്ടയാളാണ്. 2017ൽ മികിപൂർ അസംബ്ലി സീറ്റീൽ തോറ്റെങ്കിലും 2022ൽ വമ്പൻ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ചു. ദലിതർക്കൊപ്പം 14 ശതമാനം മുസ്‍ലിംകളുമുള്ള മണ്ഡലത്തിൽ ഇരുവിഭാഗങ്ങളുടെയും വോട്ടുകളുടെ പിൻബലത്തിൽ ജയിക്കാനാവുമെന്നാണ് ഇൻഡ്യ സഖ്യത്തിന്റെ പ്രതീക്ഷ.
ഉയർന്ന സമുദായക്കാർ ബി.ജെ.പിയെ തുണക്കുമെങ്കിലും ബി.എസ്.പിയുടെ സച്ചിദാനന്ദ് പാണ്ഡേ ബ്രാഹ്മണ വോട്ടുകളിൽ വലിയൊരു ഭാഗം നേടിയാൽ അത് ഇൻഡ്യ സഖ്യത്തിന് സഹായകമാകും. ഹിന്ദു വോട്ടുകളിൽ ഏകീകരണമുണ്ടാകുമെന്നും അത് ഹാട്രിക് വിജയത്തിന് വഴിയൊരുക്കുമെന്നുമുള്ള വിശ്വാസത്തിലാണ് ബി.ജെ.പി സ്ഥാനാർഥി ലല്ലു സിങ്. രാം പഥിലെ പാർട്ടി ഓഫിസ് കേന്ദ്രീകരിച്ച് വിയർത്തു പണിയെടുക്കുന്നുണ്ട് ബി.ജെ.പി. മണ്ഡലത്തിൽ ഏറെ ബന്ധങ്ങളുണ്ടെങ്കിലും വോട്ടർമാരിലേക്ക് ഇറങ്ങിച്ചെന്ന് തിരക്കിട്ട പ്രചാരണങ്ങളിൽ മുഴുകിയിരിക്കുകയാണ് ലല്ലു സിങ്.
26 ശതമാനം ദലിതർ, 14 ശതമാനം മുസ്‍ലിംകൾ, 12 ശതമാനം വീതം കുർമി, യാദവർ, ബ്രാഹ്മണർ, ആറു ശതമാനം രജ്പുത്, 12 ശതമാനം മറ്റ് ഒ.ബി.സിക്കാർ എന്നിങ്ങനെയാണ് ഫൈസാബാദ് മണ്ഡലത്തിലെ ജനസംഖ്യ. ഈ ജാതിസമവാക്യങ്ങൾ തന്നെയാകും മണ്ഡലത്തിൽ വിജയം ആർക്കെന്ന് തീരുമാനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.