ന്യൂഡൽഹി: വിദൂര വോട്ടിങ് സംവിധാനം (റിമോട്ട് വോട്ടിങ്) 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സാധ്യമാക്കാനാവുമെന്നും രണ്ടു മൂന്നു മാസത്തിനുള്ളിൽ പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷൻ. മദ്രാസ് ഐ.ഐ.ടിയുമായി സഹകരിച്ച് പിഴവില്ലാത്ത വിദൂര വോട്ടിങ് സംവിധാനം ആവിഷ്കരിക്കാനായി കമീഷൻ ഗവേഷണ പദ്ധതി ആരംഭിച്ചുവെന്നും മറ്റ് ഉന്നത സ്ഥാപനങ്ങളിൽനിന്നുള്ള വിദഗ്ധരുടെ സഹായവും ഇതിനുണ്ടെന്നും അറോറ പറഞ്ഞു. ന്യൂഡൽഹിയിൽ ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യം പറഞ്ഞത്.
റിമോട്ട് വോട്ടിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വീട്ടിലിരുന്ന് വോട്ടുചെയ്യാനുള്ള സംവിധാനമോ ഇൻറർനെറ്റ് അടിസ്ഥാനമാക്കിയുള്ള വോട്ടിങ് രീതിയോ അല്ലെന്നും സവിശേഷമായ മറ്റൊരു സംവിധാനമാണ് കമീഷൻ ഒരുക്കുന്നെതന്നും അദ്ദേഹം സൂചിപ്പിച്ചു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സുതാര്യതയും വിശ്വാസ്യതയുമുള്ള സംവിധാനമൊരുക്കുകയെന്നതാണ് കമീഷെൻറ പ്രഥമ കർത്തവ്യം. ഇതുറപ്പാക്കുന്ന മാതൃകക്ക് ഉടൻതന്നെ രൂപം നൽകും -അറോറ പറഞ്ഞു.
പുതിയ രീതിക്ക് നിലവിലെ നടപടിക്രമങ്ങളിൽ നിന്ന് ചില വ്യത്യാസങ്ങൾ ഉണ്ടാവുമെന്നും ഇതു പക്ഷേ, രാഷ്ട്രീയ പാർട്ടികളുമായും മറ്റു പ്രധാന വിഭാഗങ്ങളുമായും ചർച്ചചെയ്തു മാത്രമേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇരട്ട ദിശയുള്ള ഇലക്േട്രാണിക് വോട്ടിങ് സംവിധാന'മാണ് പണിപ്പുരയിൽ ഒരുങ്ങുന്നതെന്നും പദ്ധതിയിൽ ബ്ലോക്ചെയിൻ സാങ്കേതികവിദ്യയുണ്ടെന്നും മുൻ സീനിയർ െഡപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണർ സന്ദീപ് സക്സേന മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതിൽ മുൻകൂട്ടി നിശ്ചയിച്ച കേന്ദ്രത്തിൽ, മുൻകൂട്ടി നിശ്ചയിച്ച സമയത്ത് ചെന്നുവേണം വോട്ടർ ഈ സംവിധാനം വിനിയോഗിക്കാൻ. ഇതൊരിക്കലും വീട്ടിലിരുന്ന് വോട്ടുചെയ്യൽ അല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
യോഗ്യരായ പ്രവാസി ഇന്ത്യക്കാർക്ക് വോട്ടു രേഖപ്പെടുത്താൻ, ഇലക്ട്രോണിക് മാർഗേണ കൈമാറ്റം ചെയ്യാവുന്ന ഏകദിശ പോസ്റ്റൽ ബാലറ്റ് സംവിധാനിക്കുന്നതു സംബന്ധിച്ച ചോദ്യത്തിന്, അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിനുശേഷം സെമിനാർ സംഘടിപ്പിച്ച് വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.